Asianet News MalayalamAsianet News Malayalam

'ആരോപണം ഗൗരവമുള്ളത്, രഞ്ജിത്ത് മാറിനിൽക്കുന്നതാണ് അദ്ദേഹത്തിനും ചലച്ചിത്ര അക്കാദമിക്കും നല്ലത്': മനോജ് കാന

ഒരു പടത്തിൽ പരിഗണിച്ചാലോ പരിഗണിക്കാതിരുന്നാലോ  ഒരു സ്ത്രീ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കില്ല. പേരടക്കം സിനിമയടക്കം വർഷമടക്കമാണ് നടി പറഞ്ഞതെന്ന് ചലച്ചിത്ര അക്കാദമി അംഗം മനോജ് കാന

Actress Sreelekha Mitras allegation is serious good for film academy if Ranjith stays away says Manoj Kana
Author
First Published Aug 24, 2024, 1:11 PM IST | Last Updated Aug 24, 2024, 1:11 PM IST

കണ്ണൂർ: സംവിധായകൻ രഞ്ജിത്ത് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നതാണ് അദ്ദേഹത്തിനും ചലച്ചിത്ര അക്കാദമിക്കും നല്ലതെന്ന് അക്കാദമി അംഗം മനോജ് കാന. രഞ്ജിത്തിനെതിരെയുള്ള ആരോപണം വളരെ ഗൗരവം ഉള്ളതാണ്. തീർച്ചയായും പരിശോധിക്കണം. കഴമ്പുണ്ടെങ്കിൽ  നടപടിയെടുക്കണം. ആരോപണമുണ്ടായാൽ തെളിയിക്കപ്പെടുന്നതു വരെ ആ സ്ഥാനത്ത് തുടരാതിരിക്കുക എന്നത് ആരോപണവിധേയർ എടുക്കേണ്ട നിലപാടാണെന്നും മനോജ് കാന പറഞ്ഞു. 

ഒരു പടത്തിൽ പരിഗണിച്ചാലോ പരിഗണിക്കാതിരുന്നാലോ  ഒരു സ്ത്രീ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കില്ല. പേരടക്കം സിനിമയടക്കം വർഷമടക്കമാണ് നടി പറഞ്ഞത്. രഞ്ജിത്തിനെതിരെ ഡോക്യുമെന്‍ററി സംവിധായകൻ ജോഷി ജോസഫ് പറഞ്ഞത് കള്ളമാകാൻ ഇടയില്ലെന്നും മനോജ് കാന പ്രതികരിച്ചു. രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് ഡോക്യുമെന്‍ററി സംവിധായകൻ ജോഷി ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. 

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തുന്നത്. ഒരു രാത്രി മുഴുവൻ  ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ പറഞ്ഞു- ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തിനെ കണ്ടു. കൊച്ചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു. മമ്മൂട്ടിക്കെപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതിൽ വളരെ സന്തോഷമുണ്ടായിരുന്നു- ശ്രീലേഖ പറയുന്നു. 

"വൈകിട്ട് അണിയറപ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ  കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയിൽ തൊട്ട് വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല".

സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് ശ്രീലേഖ തന്നോട് പറഞ്ഞിരുന്നുവെന്ന് ജോഷി ജോസഫ് വ്യക്തമാക്കി. തമ്മനത്തുള്ള ഹോട്ടലിൽ നിന്ന് താനാണ് പോയി ഇവരെ വിളിച്ചുകൊണ്ടുവന്നത്. താനാണ് ഇവരെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറെ പരിചയപ്പെടുത്തിയതെന്നും ജോഷി ജോസഫ് പറഞ്ഞു. ഇന്‍റർവ്യൂവിൽ പറഞ്ഞത് തന്നെയാണ്  അന്ന് തന്നോട് ശ്രീലേഖ പറഞ്ഞതെന്നും ജോഷി ജോസഫ് വിശദീകരിച്ചു.

രഞ്ജിത്തിനെ സംരക്ഷിച്ച് വീണ്ടും മന്ത്രി സജി ചെറിയാൻ; ആരോപണം തെളിഞ്ഞാൽ നടപടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Latest Videos
Follow Us:
Download App:
  • android
  • ios