സരയൂ , വിനുമോഹൻ, അൻസിബ എന്നിവരാണ് മൂന്നംഗ സമിതി. ഇന്നു തന്നെ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി എടുക്കുമെന്നാണ് അമ്മ വിശദമാക്കിയത്
കൊച്ചി: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന പരാതി അമ്മയുടെ മൂന്നംഗ സമിതി അന്വേഷിക്കും. സരയൂ , വിനുമോഹൻ, അൻസിബ എന്നിവരാണ് മൂന്നംഗ സമിതി. ഇന്നു തന്നെ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി എടുക്കുമെന്നാണ് അമ്മ വിശദമാക്കിയത്. അതേസമയം ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈനിനു വേണ്ടി പൊലീസ് അന്വേഷണം വിപുലമാക്കി. ഷൈനിൻ്റെ കൊച്ചിയിലെ ഫ്ളാറ്റിൽ പൊലീസ് സംഘം എത്തിയതെങ്കിലും കണ്ടെത്താനായില്ല.
ഷൈനിനായി കൊച്ചിയിലും തൃശൂരിലും പൊലീസിൻ്റെ വ്യാപക അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ കൊച്ചിയിലെ ഹോട്ടലിൽ നടന്ന ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
ഷൈനിന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. റെയ്ഡ് വിവരം ചോർന്നതിനു പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസമാണ് നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത്. ആരോപണം നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു.
