Asianet News MalayalamAsianet News Malayalam

സാങ്കേതിക സര്‍വ്വകലാശാലയിലെ അദാലത്ത് നിയമവിരുദ്ധം; മന്ത്രി ജലീലിനെതിരെ ഗവര്‍ണറുടെ റിപ്പോര്‍ട്ട്

പരാതിക്കാരുടെയും സർവകലാശാല അധികൃതരുടെയും  വിശദീകരണങ്ങൾ നേരിട്ട് കേട്ടശേഷമാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന്  ഉത്തരവ് പുറപ്പെടുവിച്ചത്. അദാലത്ത്കമ്മിറ്റി  രൂപീകരിച്ചതും തീരുമാനങ്ങൾ  കൈക്കൊണ്ടതും  യൂണിവേഴ്സിറ്റി  ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന്  വ്യക്തമാക്കാൻ  തനിക്ക് ഒരു മടിയും ഇല്ലെന്ന് ഗവർണർ ഉത്തരവിൽ പറയുന്നു.
 

adalat irregularities at the technical university report of the governor against minister k t Jaleel
Author
Thiruvananthapuram, First Published Mar 6, 2020, 6:34 PM IST

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയില്‍  മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സർവ്വകലാശാല ഉദ്യോഗസ്ഥന്മാരും പങ്കെടുത്ത്‌ അദാലത്ത് സംഘടിപ്പിച്ചതും  തീരുമാനങ്ങൾ കൈക്കൊണ്ടതും  നിയമവിരുദ്ധമാണെന്ന് ഗവർണറുടെ റിപ്പോര്‍ട്ട്. പരാതിക്കാരുടെയും സർവകലാശാല അധികൃതരുടെയും വിശദീകരണങ്ങൾ നേരിട്ട് കേട്ടശേഷമാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന്  ഉത്തരവ് പുറപ്പെടുവിച്ചത്. ഏഷ്യാനെറ്റ് ന്യൂസാണ്  സാങ്കേതിക സര്‍വ്വകലാശാല അദാലത്ത് ക്രമക്കേട് പുറത്തു കൊണ്ടുവന്നത്.   

മന്ത്രിയുടെ നിർദ്ദേശാനുസരണം സർവ്വകലാശാല അദാലത്  സംഘടിപ്പിച്ചതും,  അദാലത്തിൽ തോറ്റ ബിടെക് വിദ്യാർത്ഥിയെ വീണ്ടും മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കുകയായിരുന്നു. സർവകലാശാലാ അധികൃതർക്ക്  നിർദ്ദേശങ്ങളും ശുപാർശകളും നൽകാനായി  അദാലത്തുകൾ സംഘടിപ്പിക്കാമെന്നു സർവ്വകലാശാല ചട്ടങ്ങൾ  അനുശാസിക്കുന്നില്ലെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിയെയും  പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും   ഉൾപ്പെടുത്തി   ഫയൽ അദാലത്ത്കമ്മിറ്റി  രൂപീകരിച്ചതും തീരുമാനങ്ങൾ  കൈക്കൊണ്ടതും  യൂണിവേഴ്സിറ്റി  ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന്  വ്യക്തമാക്കാൻ  തനിക്ക് ഒരു മടിയും ഇല്ലെന്ന് ഗവർണർ ഉത്തരവിൽ പറയുന്നു.

സർവ്വകലാശാല ഒരു സ്വയംഭരണ സ്ഥാപനം ആയതുകൊണ്ട് സർവ്വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടാൻ പാടില്ലെന്ന 2003 ലെ  സുപ്രീം കോടതി ഉത്തരവ്  ഗവർണർ  ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  നടന്നതൊക്കെ നടന്നു  കഴിഞ്ഞ സ്ഥിതിക്ക് അദാലത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക് താൻ  കടക്കുന്നില്ലന്നും  മേലിൽ  ചട്ടങ്ങളും നടപടിക്രമങ്ങളും യൂണിവേഴ്സിറ്റി  അധികൃതർ കൃത്യമായി പാലിക്കണമെന്നും ഗവർണർ വ്യക്തമാക്കി.

തോറ്റ  ഒരു  ബിടെക് വിദ്യാർഥിയുടെ ഉത്തര കടലാസ് മൂന്നാമത് മൂല്യനിർണയം നടത്തിയ 
അദാലത്ത് തീരുമാനം റദ്ദാക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിന്മേൽ  വിദ്യാർഥിയുടെ ഭാവിയെക്കരുതി ഇടപെടുന്നില്ല. എന്നാൽ ഇത് ഒരു കീഴ്വഴക്കമായി കാണരുതെന്നും  പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഉണ്ടാകുന്ന ഇത്തരം ക്രമക്കേടുകൾ സർവ്വകലാശാലയുടെ സൽപ്പേരിനെ ബാധിക്കുമെന്നും ഗവർണർ ഉത്തരവിൽ പറയുന്നു. 

പരാതി നൽകിയ സേവ്  യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആര്‍ എസ് ശശികുമാർ, സെക്രട്ടറി എം ഷാജർഖാൻ എന്നിവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവും. സാങ്കേതിക സർവകലാശാല വി. സി. ഡോ എം സി രാജശ്രീക്ക് വേണ്ടി യൂണിവേഴ്സിറ്റി സ്റ്റാന്റിംഗ് കൗൺസൽ എഡ്വിൻ പീറ്ററും ആണ് ഹിയറിങ്ങിനു  ഹാജരായത്.

Follow Us:
Download App:
  • android
  • ios