Asianet News MalayalamAsianet News Malayalam

വിമാനത്താവള നടത്തിപ്പ്: ഉപകരാറിന് ഒരുങ്ങി അദാനി ഗ്രൂപ്പ്, വിദേശ കമ്പനികളുമായി ചർച്ച

വിദേശ കമ്പനികളുമായിചർച്ച ആരംഭിച്ചു. ജർമ്മനിയിലെ മ്യൂണിക് വിമാനത്താവള കമ്പനി സഹകരിച്ചേക്കുമെന്നാണ് വിവരം

Adani Group ready to provide subcontract in thiruvananthapuram Airport management
Author
Delhi, First Published Aug 22, 2020, 9:17 AM IST

ദില്ലി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിൽ സംസ്ഥാനത്ത് എതിര്‍പ്പ് ഉയരുന്നതിനിടെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയ്ക്ക്  ഉപകരാർ നൽകാനുള്ള ആലോചനകളുമായി അദാനിഗ്രൂപ്പ്. ഇക്കാര്യത്തിൽ വിദേശ കമ്പനികളുമായി ചർച്ച ആരംഭിച്ചു. നേരത്തെ അദാനി ഗ്രൂപ്പിന് കൈമാറിയ അഹമ്മദാബാദ്, മംഗ്ളൂരു, ലക്നൗ വിമാനത്താവളങ്ങളിലാവും ആദ്യ കരാർ. ഈ മൂന്ന് വിമാനകമ്പനികളുടേയും നടത്തിപ്പ് നവംബറിന് മുമ്പ് ഏറ്റെടുക്കണമെന്ന് അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപകരാറിന് ജർമ്മനിയിലെ മ്യൂണിക് വിമാനത്താവള കമ്പനി സഹകരിച്ചേക്കുമെന്നാണ് വിവരം. മറ്റു ചില വിദേശകമ്പനികളുമായും അദാനി ചർച്ച തുടരുന്നുണ്ട്.

എന്നാൽ തിരുവനന്തപുരത്തെ വിഷയത്തിൽ വിമാനത്താവളം കൈമാറുന്നതിനുള്ള തീരുമാനം എടുത്തിട്ടേയുള്ളു. ഹൈക്കോടതിയുടെ ഒരു തീരുമാനം വരേണ്ടതുണ്ട്. അതിന് ശേഷമാകും തിരുവനന്തപുരത്തിന്‍റെ കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളൂ. അതേ സമയം തിരുവനന്തപുരം വിമാനത്താവളം വികസനത്തിനായുളള സ്ഥലം ഏറ്റെടുപ്പ് അനിശ്ചിതത്വത്തിലാണ്. സ്ഥലം ഉടമകളുമായി ധാരണയിലെത്തി നടപടികൾ വീണ്ടും തുടങ്ങുന്നതിനിടയാണ് സ്വകാര്യവൽക്കരണ നീക്കം.

അദാനി വിമാനത്താവളം ഏറ്റെടുത്താൽ ഭൂമി ഏറ്റെടുക്കലിന് സർക്കാർ മുൻകയ്യെടുക്കില്ല. സ്വകാര്യവൽക്കരണം നടപ്പായാൽ സ്ഥലം ഏറ്റെടുത്ത് നൽകേണ്ട എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. നിയമനടപടികൾ നീണ്ടുപോകുന്നതും തുടർവികസനം അവതാളത്തിലാക്കും. അതേസമയം സ്വകാര്യ കമ്പനിക്ക് സ്ഥലം വിട്ടുനൽകാനാവില്ലെന്ന് സ്ഥലം ഉടമകളുടെ നേതൃത്വത്തിലുളള ആക്ഷൻ കൗൺസിലും വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios