Asianet News MalayalamAsianet News Malayalam

ജിഎസ്‍ടി കുടിശ്ശിക അടയ്ക്കുന്നതിൽ വീഴ്ച? ഹിമാചലിലെ അദാനി വിൽമർ കമ്പനിയിൽ പരിശോധന

അദാനിയുമായുള്ള ചങ്ങാത്തം ചൂണ്ടിക്കാട്ടി മോദിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ പരിശോധന

Adani wilmer office raided by Himachal Excise Department
Author
First Published Feb 9, 2023, 1:21 PM IST

​ദില്ലി: അദാനി വിവാദം കത്തുന്നതിനിടെ കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ അദാനിയുടെ സ്ഥാപനത്തില്‍ എക്സൈസ് റെയ്ഡ്. വർഷങ്ങളായി ജിഎസ്ടി കുടിശിക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ്. ഹിൻഡൻ റിപ്പോർട്ടിനെതിരായ ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും.

അദാനിയുമായുള്ള ചങ്ങാത്തം ചൂണ്ടിക്കാട്ടി പാർലമെന്‍റിനകത്തും പുറത്തും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ പരിശോധന. ഷിംലയിലെ അദാനി വിൽമർ കമ്പനിയുടെ ഓഫീസിൽ സംസ്ഥാന എക്സൈസ് വകുപ്പാണ് പരിശോധന നടന്നത്. സംസ്ഥാന സിവിൽ സപ്ലൈസിനും പോലീസിനും ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന അദാനി വിൽമറിന്റെ ഗോഡൗണിലും പരിശോധന നടന്നു. വർഷങ്ങളായി ജിഎസ്ടി കുടിശ്ശിക അടയ്ക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധനയെന്നാണ് വിവരം. എന്നാൽ ഉദ്യോഗസ്ഥരോ സർക്കാറോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

അദാനി ഗ്രൂപ്പിനും സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമർ ഗ്രൂപ്പിനും അൻപത് ശതമാനം വീതം ഓഹരി പങ്കാളിത്തമുള്ളതാണ് അദാനി വിൽമർ. സോലനിലാണ് കമ്പനിയുടെ ആസ്ഥാനം. കഴിഞ്ഞ വർഷം 135 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നടത്തിയത്. അതേസമയം പരിശോധനയെകുറിച്ചറിയില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്ത്വം പ്രതികരിച്ചു. അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ ക്രമക്കേടുകളെ കുറിച്ച് റിപ്പോർട്ട് പ്രസിദ്ദീകരിച്ച ഹിൻഡൻബ‌ർഗിനെതിരെയുള്ള രണ്ട് ഹർജികളാണ് സുപ്രീം കോടതി നാളെ ഒന്നിച്ച് പരിഗണിക്കുക.

Follow Us:
Download App:
  • android
  • ios