"ബസ് അമിത വേഗതയിലായിരുന്നു. ബൈക്ക് യാത്രക്കാരെ മറികടക്കാനുള്ള തത്രപ്പാടായിരുന്നു ബസ് ഡ്രൈവര്‍ക്കുണ്ടായിരുന്നത്".

പാലക്കാട് : കുഴല്‍മന്ദത്ത് ബൈക്ക് യാത്രികരായ യുവാക്കളുടെ മരണത്തിന് കാരണമായ അപകടം കെഎസ് ആർടിസി ബസ് ഡ്രൈവര്‍ മന പൂര്‍വമുണ്ടാക്കുകയായിരുന്നുവെന്ന ബസിലുണ്ടായിരുന്നു ഒരു സാക്ഷിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ അന്വേഷണ സംഘം മുഖവിലയ്ക്ക് എടുക്കണമെന്ന് മരിച്ച ആദർശിന്റെ പിതാവ് ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യണം. ഇയാളെ പുറത്താക്കാൻ കെഎസ്ആർടിസി തയ്യാറാകണം. ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് കത്തയച്ചെന്നും ആദർശിന്റെ അച്ഛൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ ഏഴാം തിയതി കുഴല്‍മന്ദത്തിനടുത്ത് വെള്ളപ്പാറയില്‍ കെ എസ് ആർ ടി സി ബസിടിച്ച് കാവശേരി സ്വദേശി ആദര്‍ശ് മോഹനനും കാസർ‍ഗോഡ് സ്വദേശി സാബിത്തും മരിച്ചത്. അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് അപകടം മനപൂർവ്വമായിരുന്നുവോ എന്ന സംശയമുണ്ടായത്. അത് സാധൂകരിക്കുന്നതാണ് സാക്ഷിയുടെ വാക്കുകൾ. 

Ksrtc: കെഎസ്‌ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം;ബസ് ഡ്രൈവർ മനപൂർവമുണ്ടാക്കിയ അപകടമെന്ന് മൊഴി

ബസ് ഡ്രൈവര്‍ മനപൂര്‍വം അപകടമുണ്ടാക്കുകയായിരുന്നുവെന്നാണ് ബസിലുണ്ടായിരുന്ന സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഇടതു വശത്ത് മതിയായ സ്ഥലമുണ്ടായിട്ടും ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്താന്‍ ബസ് ലോറിയോട് ചേര്‍ത്തെടുക്കുകയായിരുന്നുവെന്നാണ് സാക്ഷി പറയുന്നത്. 

പാലക്കാടുനിന്നും തുണിയെടുത്ത് വടക്കഞ്ചേരിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ വരികയായിരുന്നു വസ്ത്ര വ്യാപാരിയായ സാക്ഷി. ബസ് അമിത വേഗതയിലായിരുന്നു. പലതവണ ബ്രേക്കിട്ടപ്പോള്‍ തുണിക്കെട്ടുകൾ താഴെവീണു. ഇതോടെ ഡ്രൈവറോട് ഇക്കാര്യം തിരക്കാന്‍ എഴുന്നേറ്റപ്പോഴാണ് ബസ്, ബൈക്ക് യാത്രക്കാരെ പിന്തുടരുന്നത് കണ്ടത്. "ബസ് അമിത വേഗതയിലായിരുന്നു. ബൈക്ക് യാത്രക്കാരെ മറികടക്കാനുള്ള തത്രപ്പാടായിരുന്നു ബസ് ഡ്രൈവര്‍ക്കുണ്ടായിരുന്നത്. ബൈക്കിനെ മറികടക്കാന്‍ ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും മന:പൂര്‍വ്വം ലോറിയോട് ചേര്‍ത്ത് ബസ്സടുപ്പിച്ചു. അങ്ങനെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ബൈക്ക് യാത്രികര്‍ വേഗത്തില്‍ മുന്നോട്ട് പോയതിൽ ദേഷ്യം പിടിച്ചാണ് ബസ് ഡ്രൈവര്‍ അപകടമുണ്ടാക്കിയത്. റോഡില്‍ പല രീതിയില്‍ പോകുന്നവരുണ്ടാവും. പക്ഷെ ഇങ്ങനെ പ്രതികാരം ചെയ്യാന്‍ തുടങ്ങിയാൽ എങ്ങനെയാണെന്നാണ് സാക്ഷിയുടെ ചോദ്യം. 

കുഴൽമന്ദം 'കെഎസ്ആർടിസി' വാഹനാപകടം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കുഴൽമന്ദം അപകടം മാറാത്ത ദുരൂഹത, ദൃശ്യങ്ങൾ 

കുഴൽമന്ദം വെള്ളപ്പാറയിൽ വെച്ചാണ് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് , കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽ ദുരൂഹത ആരോപിച്ച് ഇരു കുടുംബങ്ങളും രംഗത്തെത്തിയിരുന്നു.

കെഎസ് ആർടിസി ബസ് ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി സി.എൽ ഔസേപ്പിനെ സസ്പെന്റ് ചെയ്തിരുന്നു. കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്ത ഇദേഹത്തെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 304 എ വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. കെഎസ് ആർടിസി ബസ് ഡ്രൈവർക്കെതിരെ യാത്രക്കാർ ചിലർ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് പൊലീസ്.