ഒരു പുസ്തകം പുറത്തിറങ്ങിയാൽ ആര് വായിക്കണം വായിക്കരുത് എന്ന് പറയാനികില്ല എന്ന് അഡ്ഹോക് കമ്മിറ്റി കണ്‍വീനർ എൻ സി ബിജു പറഞ്ഞു.

കണ്ണൂർ: കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സ‍ർവകലാശാല സിലബസിൽ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് അഡ്‌ഹോക്ക് കമ്മിറ്റി. ഒരു പുസ്തകം പുറത്തിറങ്ങിയാൽ ആര് വായിക്കണം വായിക്കരുത് എന്ന് പറയാനികില്ല എന്ന് അഡ്ഹോക് കമ്മിറ്റി കണ്‍വീനർ എൻ സി ബിജു പറഞ്ഞു. കെ കെ ശൈലജയുടെ രാഷ്ട്രീയ ജീവിതമല്ല, കണ്ണൂരിലെയും കാസർകോട്ടെയും തൊഴിലാളിവ‍ർഗ സമരങ്ങളെക്കുറിച്ചാണ് പുസ്തകത്തിൽ പറയുന്നതെന്നും ഇ പി ജയരാജന്റെ വിമർശനം വിവാദം ഉണ്ടാക്കിയവരോടെന്നും എൻ സി ബിജു പ്രതികരിച്ചു.

സർവകലാശാലയ്ക്ക് സിലബസ് പരിശോധിക്കാം. കൊളോണിയൽ കാലത്തെ മാറ്റി നിർത്തിയാണ് സിലബസ് തയ്യാറാക്കിയത്. പ്രാദേശികമായ വ്യക്തിത്വങ്ങളെ കൂടുത‌ൽ ഉള്‍ക്കൊള്ളിച്ചത് ഇതിനാലാണെന്നും സിലബസ് രാഷ്ട്രീയവത്ക്കരിച്ചിട്ടില്ലെന്നും അഡ്ഹോക് കമ്മിറ്റി കണ്‍വീനർ എൻ സി ബിജു പറഞ്ഞു. സി കെ ജാനുവുനെയും കല്ലേൻ പൊക്കുടനെയും സിപിഎമ്മിനെയും അനുകൂലിക്കുന്നത് കൊണ്ടല്ല, ബഹുസ്വരത നിലനിർത്തിയാണ് സിലബസ് രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുസ്തകത്തെ പറ്റി ഒരു ധാരണയുമില്ലാത്തവരാണ് ഇപ്പോള്‍ വിമർശിക്കുന്നത്. എഴുത്തുകാരിയുടെ പേരോ പുസ്തകത്തിന്റെ തലക്കെട്ടോ നോക്കിയല്ല ആത്മകഥ തെരഞ്ഞെടുത്തത്. കെ കെ ശൈലജയുടെ ആത്മകഥയെ വിമർശിക്കാനും വിദ്യാർത്ഥികള്‍ക്ക് സിലബസിൽ സ്വാതന്ത്രം ഉണ്ടെന്നും എൻ സി ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.