പൊലീസ് സ്റ്റേഷനിൽ എത്തിയ ആളെ സിഐ മർദ്ദിച്ചതായി പരാതി. ഇടുക്കി അടിമാലി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ലൈജുമോൻ സിവി ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇടുക്കി: ഇടുക്കി അടിമാലിയിൽ പോലീസ് സ്റ്റേഷനിൽ എത്തിയ ആളെ എസ് എച്ച് ഓ മർദ്ദിച്ചതായി പരാതി. അടിമാലി സ്വദേശി പി. ആർ അനിൽകുമാറിനാണ് മർദ്ദനമേറ്റത്. എസ് എച്ച് ഓ ലൈജുമോൻ സി വി ഇരുകരണത്തും മർദ്ദിച്ചു എന്നാണ് ആരോപണം. മുറിക്കുള്ളിൽ കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നും പരാതിയുണ്ട്. അനിൽകുമാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് സ്റ്റേഷനിൽ എത്തിയ അനിൽകുമാർ അനാവശ്യമായി ബഹളമുണ്ടാക്കി എന്നാണ് എസ് എച്ച് ഒ ലൈജുമോൻ പറയുന്നത്. സംഭവത്തിൽ ഇടുക്കി ഡിവൈഎസ്പി വിശദീകരണം തേടിയിട്ടുണ്ട്. രാവിലെ കല്ലാറുകുട്ടിയിൽ വാഹനങ്ങൾ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനിടയായിരുന്നു സംഭവം. അനിൽകുമാറിന്റെ ബന്ധുവിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നാണ് അനിൽകുമാറിന്റെ വാദം. ഇത് ലഭ്യമാക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

