അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിനെ പച്ചമരുന്നിന്‍റെ വേര് മോഷിട്ടിച്ചെന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി
പാലക്കാട്: അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിനെ പച്ചമരുന്നിന്‍റെ വേര് മോഷിട്ടിച്ചെന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി. പാലൂർ സ്വദേശി മണികണ്‌ഠന്‍റെ തലയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയൊട്ടി പൊട്ടിയതിനെ തുടർന്ന് മണികണ്ഠൻ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. പൊലീസ് നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ആദിവാസികളിൽ നിന്ന് കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ് എന്നയാളാണ് മണികണ്‌ഠനെ മർദിച്ചത്. ഡിസംബര്‍ ഏഴിനാണ് സംഭവം. മർദനത്തിന് പിന്നാലെ ആദിവാസി വാദ്യോപകരണം കൊട്ടനായി കോഴിക്കോട് തെരഞെടുപ്പ് പ്രചരത്തിനായി മണികണ്ഠൻ പോവുകയും ചെയ്തു. എട്ടാം തീയതിയായിരുന്നു ഇത്. എന്നാല്‍ ഉച്ചകഴിഞ്ഞ് യുവാവ് തളർന്ന് വീണു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ശാസത്രകിയ നടത്തുകയുമായിരുന്നു.
സംശയം തോന്നിയ ഡോക്ടർമാരാണ് കോഴിക്കോട് പൊലീസിനെ വിവരമറിയിച്ചത്. പിന്നീട് അട്ടപ്പാടിയിലെ പുതൂർ പൊലീസ് കോഴിക്കോട് എത്തി വിവരങ്ങൾ ശേഖരിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മണികണ്ഠന് തലയോട്ടിയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍ വധശ്രമത്തിന് കേസെടുത്തില്ലെന്നാണ് ഉയരുന്ന പരാതി. നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയത്.



