തിരിച്ചെടുത്ത ഉദ്യോഗസ്ഥർ ജോലിയിൽ കയറുന്നതിനു മുൻപ് അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പു നൽകിയതോടെയാണ് സരുൺ താഴെ ഇറങ്ങിയത്

ഇടുക്കി: കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ ആദിവാസി യുവാവ് സരുൺ സജി മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കിഴുകാനം ഫോറസ്റ്റ് ഓഫീസിന് മുൻപിലുള്ള മരത്തിൽ കയറിയാണ് ഭീഷണി മുഴക്കിയത്. കള്ളക്കേസെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ ഏഴ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് വനംവകുപ്പ് സ‍ർവീസിൽ തിരിച്ചെടുത്തിരുന്നു. സരുൺ സജി പോലീസിൽ നൽകിയ പരാതി പ്രകാരമെടുത്ത കേസിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സരുൺ സജി വനംവകുപ്പ് ഓഫീസിനു മുൻപിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നാല് മണിക്കൂറാണ് കഴുത്തിൽ കയറിട്ട് കത്തിയുമായി സരുൺ മരത്തിനു മുകളിൽ ഇരുന്നത്. വിവരമറിഞ്ഞ് ഉപ്പുതറ സിഐയുടെ നേതൃത്വത്തിൽ പൊലീസും അഗ്നി രക്ഷാസേനയുമെത്തി. ജനപ്രതിനിധികളുടെ സഹായത്തോടെ അനുനയിപ്പിക്കാൻ പരമാവധി ശ്രമിച്ചു. ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുമെന്ന് ഉറപ്പു കിട്ടാതെ ഇറങ്ങി വരില്ലെന്ന് സരുൺ നിലപാടെടുത്തു. തുടർന്ന് തിരിച്ചെടുത്ത ഉദ്യോഗസ്ഥർ ജോലിയിൽ കയറുന്നതിനു മുൻപ് അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പു നൽകിയതോടെയാണ് സരുൺ താഴെ ഇറങ്ങിയത്.

കഴിഞ്ഞ രണ്ടു ദിവസമായാണ് സരുണിനെതിരെ കള്ളക്കേസ് എടുത്ത ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ അടക്കമുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും വനം വകുപ്പ് സർവീസിൽ തിരികെ എടുത്തത്. വിഷയത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം അടക്കം ചുമത്തി പൊലീസ് കേസ് എടുത്തിരുന്നെങ്കിലും കോടതിയിൽ കീഴടങ്ങിയ രണ്ടു പേരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചതിനാൽ അറസ്റ്റ് വൈകി. കേസ് ഇവർ പിൻവലിച്ചതോടെയാണ് അറസ്റ്റു ചെയ്യാനുള്ള വഴി തെളിഞ്ഞത്. ഇതിനു പിന്നാലെയാണ് സരുൺ ആത്മഹത്യ ഭീഷണി മുഴക്കി മരത്തിൽ കയറിയത്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് കാട്ടിറച്ചി എന്ന് പറഞ്ഞ് മാട്ടിറച്ചി സരുണിൻറെ ഓട്ടോയിൽ വച്ച് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തത്.

YouTube video player