ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലിവാങ്ങിയതിനോ തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തിലെ കണ്ടെത്തൽ.

തിരുവനന്തപുരം : എഡിഎം നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തൽ. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും.

എൻഒസി ബോധപൂർവ്വം വൈകിപ്പിച്ചു, അനുമതിക്കായി കൈക്കൂലി വാങ്ങി എന്നീ രണ്ട് ആരോപണങ്ങളാണ് നവീൻ ബാബുവിനെതിരെ ഉയർന്നത്. ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ ഇതുവരെയുള്ള അന്വേഷണത്തിൽ രണ്ടും സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ല. ചെങ്ങളായിലെ റോഡിന് വളവുള്ളത് കൊണ്ട് പമ്പിന് അനുമതി നൽകരുതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. 

ഇതേ തുടർന്ന് എഡിഎം ടൗൺ പ്ലാനിംഗ് വകുപ്പിനോട് റിപ്പോർട്ട് തേടി. ഭാവിയിൽ റോഡിന്റെ വീതിക്കൂട്ടാൻ തീരുമാനമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടർന്ന് പ്ലാനിംഗ് വകുപ്പ് അനുമതി നൽകി. അപേക്ഷ താമസിപ്പിച്ചില്ലെന്ന് മാത്രമല്ല പൊലീസ് റിപ്പോർട്ട് എതിരായിട്ടും പ്ലാനിംഗ് വകുപ്പിനോട് റിപ്പോർട്ട് തേടിയതും അപേക്ഷകനെ സഹായിക്കാനാണെന്നാണ് വിലയിരുത്തൽ. 

കോഴക്കും തെളിവുകൾ ഇല്ല. അഴിമതി ആക്ഷേപം ഉന്നയിച്ച പിപി ദിവ്യക്ക് തെളിവുകൾ ഹാജരാക്കാനുള്ള അവസരമായിരുന്നു റവന്യു അന്വേഷണം. പക്ഷെ ദിവ്യ ഇതുവരെ മൊഴി നൽകിയിട്ടില്ല. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താൻ ക്ഷണിച്ചില്ലെന്ന് കണ്ണൂർ കലക്ട‍ര്‍ മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനിൽ നിന്നു മൊഴി എടുത്തിരുന്നു. ദിവ്യയുടെ മൊഴി ഇല്ലാതെയും കിട്ടിയ മൊഴികളുടേയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനം.

എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ഹര്‍ജിയിൽ 24ന് വാദം

കണ്ണൂർ എഡിഎമായിരുന്ന നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. കഴി‌ഞ്ഞ ചൊവ്വാഴ്ച പുല‍ര്‍ച്ചെയാണ് നവീൻ ബാബുവിന്റെ മരണവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്ത ജില്ലാ പഞ്ചായത്ത്‌ മുൻ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻ‌കൂർ ജാമ്യഹർജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം. അതേസമയം പരിയാരം ഗവ മെഡിക്കൽ കോളേജിൽ ജീവനക്കാരനായിരിക്കെ ടി.വി.പ്രശാന്ത് പെട്രോൾ പമ്പിന് അപേക്ഷ നൽകിയതിൽ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇന്നെത്തും.

YouTube video player