മലപ്പുറം: സിനിമാക്കാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ. എറിഞ്ഞ് കിട്ടുന്ന ആനുകൂല്യങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സിനിമ പ്രവർത്തർക്ക് പ്രതികരിക്കാൻ പലപ്പോഴും ഭയമാണ്. ആവശ്യമുള്ളപ്പോൾ സിനിമാ പ്രവർത്തകരും വ്യവസായികളും ശബ്ദിക്കില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ പ്രവർത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍നവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പൗരന്‍മാര്‍ ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളതെന്നും ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള്‍ ജീവിക്കുന്നതെന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും അടൂര്‍ പറഞ്ഞിരുന്നു. ഇതിന് മുമ്പും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അടൂര്‍ അഞ്ഞടിച്ചിരുന്നു.

രാജ്യത്ത് ജയ്ശ്രീറാം വിളി കൊലവിളിയാകുന്നുവെന്ന് കാണിച്ച് അടൂര്‍ ഉള്‍പ്പെടെ 52 സാംസ്‌കാരിക നായകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ജയ് ശ്രീറം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ അന്യഗ്രഹങ്ങളില്‍ പോകണമെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനില്‍ നിന്ന് വിദ്വേഷ പരാമര്‍ശമുണ്ടായി. എന്നാല്‍ ആരെങ്കിലും ടിക്കറ്റ് എടുത്ത് തന്നാല്‍ ചന്ദ്രനില്‍ പോകാമെന്ന് അന്ന് അടൂര്‍ തിരിച്ചടിക്കുകയും ചെയ്തു.