Asianet News MalayalamAsianet News Malayalam

അനുപമയുടെ കുട്ടിയുടെ ദത്തെടുപ്പ്: തുടർ നടപടികൾ സ്റ്റേ ചെയ്തു, തുടർവാദം നവംബർ ഒന്നിന്

കുഞ്ഞിന്റെ അവകാശവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും വിധി പുറപ്പെടുവിക്കരുതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നു

Adoption row Anupama child court proceedings stayed
Author
Thiruvananthapuram, First Published Oct 25, 2021, 12:58 PM IST

തിരുവനന്തപുരം: ദത്തെടുപ്പ് വിവാദത്തിൽ തിരുവനന്തപുരം ജില്ലാ കുടുംബ കോടതി തുടർ നടപടികൾ സ്റ്റേ ചെയ്തു. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും. ഇപ്പോൾ കുഞ്ഞിനെ ദത്തെടുത്ത മാതാപിതാക്കൾക്ക് കുഞ്ഞിനെ കൈമാറുന്ന വിധി ഇന്ന് പുറപ്പെടുവിക്കാനിരിക്കെയാണ് കോടതിയുടെ നിലപാട്. സർക്കാർ നിലപാടാണ് ഇതിന് കാരണം. കുഞ്ഞിന്റെ അവകാശവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും വിധി പുറപ്പെടുവിക്കരുതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇന്ന് കോടതിയിൽ നിന്ന് വിധി വരാനിരിക്കെ കേസിൽ അനുപമയും കക്ഷി ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.

ശിശു ക്ഷേമ സമിതിയെ കോടതി വിമർശിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതോ അതോ കൈമാറിയതോ എന്ന് വ്യക്തമാക്കണം. സത്യവാങ്ങ്മൂലത്തിൽ ജനറൽ സെക്രട്ടറിയുടെ ഒപ്പില്ല. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തണം. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നവംബർ ഒന്നിന് തീരുമാനം അറിയിക്കണം. പൊലീസ് അന്വേഷണ റിപ്പോർട്ട് സീൽ വച്ച കവറിൽ നൽകണം. കുട്ടിയെ ഉപേക്ഷിച്ചതാണോ കൈമാറിയതാണോയെന്ന് വ്യക്തമാക്കണം. ഉപേക്ഷിച്ചതാണെന്ന് ശിശുക്ഷേമ സമിതി കോടതിയിൽ പറഞ്ഞു. അന്തിമ വിധി വരുന്നതുവരെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്കൊപ്പം താമസിപ്പിക്കാനും കോടതി ഉത്തരവായി. 

കു‍ഞ്ഞിന്‍റെ സംരക്ഷണത്തിന്‍റെ പൂര്‍ണ അവകാശം ദത്തെടുത്ത ദമ്പതികള്‍ക്ക് നൽകുന്നതിന്റെ അന്തിമ വിധിയായിരുന്നു ഇന്ന് കോടതി പുറപ്പെടുവിക്കാനിരുന്നത്. അതിനിടെയാണ് സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയത്. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികൾ സംബന്ധിച്ച് പോലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് കോടതി ഇന്ന് പരിഗണിച്ചത്. സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി അംഗീകരിച്ചു. തുടർ തീരുമാനങ്ങൾ നവംബറിൽ കേസ് വാദം കേട്ട ശേഷമാകും നടപ്പിലാക്കുക.

അനുപമയുടെ അച്ഛനെതിരെ തത്കാലം നടപടിയില്ല

അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെ തത്കാലം നടപടി വേണ്ടെന്ന നിലപാട് ഇന്ന് ചേർന്ന പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗം നിലപാടെടുത്തു. സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ അനുപമക്ക് പിന്തുണ നൽകിയ സാഹചര്യത്തിൽ ജയചന്ദ്രനെതിരെ നടപടിയെടുക്കുമോ എന്നത് ഇന്നത്തെ യോഗത്തെ പ്രാധാന്യമേറിയതാക്കിയിരുന്നു. ലോക്കൽ കമ്മിറ്റിക്ക് നേരിട്ട് നടപടിയെടുക്കുന്നതിൽ പരിമിതികൾ ഉണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് നടപടിയിൽ തീരുമാനമെടുക്കേണ്ടത്. പാർട്ടി ദേശീയ തലത്തിൽ പ്രതിരോധത്തിലായ വിഷയത്തിൽ ഉടൻ തീരുമാനം വേണമെന്ന അഭിപ്രായവും ശക്തമാണ്.

Follow Us:
Download App:
  • android
  • ios