Asianet News MalayalamAsianet News Malayalam

Anupama|ദത്ത് വിവാദം;അന്വേഷണം അവസാനഘട്ടത്തിലേക്ക് ; ആണ്‍കുഞ്ഞിനെ രജിസ്റ്ററില്‍ പെണ്‍കുഞ്ഞാക്കിയതും തെളിവാകും

കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിനെത്തേടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതിയുമായി എത്തിയതിനും തെളിവുകളുണ്ട്.

adoption row; departmental investigation is in its final stage
Author
Thiruvananthapuram, First Published Nov 19, 2021, 6:42 AM IST

തിരുവനന്തപുരം: ദത്ത് വിവാദവുമായി (adoption row)ബന്ധപ്പെട്ട വകുപ്പ് തല അന്വേഷണം(departmental investigation) അവസാനഘട്ടത്തിൽ.കുഞ്ഞിനെത്തേടി അമ്മ വന്നിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമതിയും ഒന്നും ചെയ്തില്ലെന്ന് തെളിയിക്കുന്ന മൊഴികള്‍ വകുപ്പ് തല അന്വേഷണത്തില്‍ നിര്‍ണായകമായേക്കും. കു‍ഞ്ഞ് ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതി കിട്ടി സിറ്റിംഗ് നടത്തിയിട്ടും പോലീസിനെ അറിയിക്കാത്ത ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍റെ നടപടിയും ഗുരുതര വീഴ്ച തന്നെയാണ്.

അനുപമയുടെ കുഞ്ഞിന്‍റെ ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഇടപെട്ടില്ലെന്നതിന്‍റെ തെളിവുകളും മൊഴികളും അന്വേഷണത്തിന്‍റെ അദ്യഘട്ടത്തില്‍ തന്നെ കിട്ടിയിരുന്നു. കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിനെത്തേടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതിയുമായി എത്തിയതിനും തെളിവുകളുണ്ട്. ഏപ്രില്‍മാസം 22 ന് സിറ്റിംഗ് നടത്തിയത് ഏഷ്യാനെറ്റ്ന്യൂസ് തന്നെ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആ സമയത്ത് ഇടപെട്ടിരുന്നു എങ്കില്‍ ദത്ത് തടയാമായിരുന്നു എന്നും അനുപമ അടക്കം നിരവധി പേര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അനുപമയുടെ പരാതി കേട്ടിട്ടും പോലീസില്‍ വിവരമറിയിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തയ്യാറായില്ല എന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദ തന്നെ ഏഷ്യാനെറ്റ്ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.കുട്ടികളെ കാണാതായ കേസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പരിധിയില്‍ വരും എന്നിരിക്കെ പോലീസില്‍ പരാതി കൊടുത്തിരുന്നെങ്കില്‍ പോലീസിന് റിപ്പോര്‍ട്ട് കൊടുക്കേണ്ടി വന്നേനെ.

ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര വീഴ്ചകള്‍ തെളിയിക്കാനുള്ള മൊഴികളും രേഖകളും കിട്ടിയിരുന്നു. ദത്ത് പോയതിന് ശേഷം നാലാം ദിവസം അനുപമ വീണ്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെത്തിയിരുന്നു. അതേ ദിവസം ശിശുക്ഷേമ സമിതിയിലും എത്തി.എന്നിട്ടും അനങ്ങിയില്ല. ഒക്ടോബര്‍ 14 ന് സംഭവം ദൃശ്യമാധ്യമത്തിലൂടെ പുറത്തുവന്നതിന് ശേഷവും ഒക്ടോബര്‍ 16 ന് കുടുംബകോടതിയില്‍ ശിശുക്ഷേമ സമിതി ഇടപെടാത്തതും വീഴ്ചയ്ക്ക് തെളിവാണ്. അനുപമയുടെ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും നേരത്തെ തന്നെ വിവാദമായിരുന്നു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് അടുത്താഴ്ച സര്‍ക്കാരിന് കിട്ടുമെന്നാണ് മന്ത്രി പറഞ്ഞത്

പുറത്തുവന്ന ഈ തെളിവുകളിലൂടെ തന്നെ ശിശുക്ഷേമ സമിതിയുടെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും വീഴ്ചകള്‍ വ്യക്തമാണ്. വിശദമായ അന്വേഷണത്തിലെ മൊഴികള്‍ കൂടിയാകുമ്പോള്‍ വീഴ്ചകള്‍ അക്കമിട്ട് നിരത്താന്‍ തന്നെയാണ് സാധ്യത.
 

Follow Us:
Download App:
  • android
  • ios