മുസ്ലിം ലീഗിനെതിരായ മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസ്താവനയെ വിമർശിച്ച് ദളിത് ലീഗ് നേതാവ് അഡ്വ എപി സ്‌മിജി. സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണ് ഈ പ്രസ്താവനയെന്നും, ലീഗിൻ്റെ മതേതരത്വത്തിന് തെളിവാണ് തൻ്റെ പദവിയെന്നും അവർ പറഞ്ഞു.
മലപ്പുറം: മുസ്ലിം ലീഗിനെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെ വിമർശിച്ച് മലപ്പുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ദളിത് ലീഗ് നേതാവുമായ അഡ്വ എപി സ്‌മിജി. സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണോ മുസ്ലിം വിരുദ്ധ പ്രസ്താവന മന്ത്രി സജി ചെറിയാൻ നടത്തിയതെന്ന് അവർ ചോദിച്ചു. ഇത്തരം മുറിവൈദ്യം കൊണ്ടൊന്നും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമല്ല സി.പി.എമ്മിനെ ബാധിച്ചിട്ടുള്ളതെന്നും തദ്ദേശ തെരഞെടുപ്പിന് ശേഷവും അത് മനസ്സിലാവാത്തത് സജി ചെറിയാൻ്റെ അടിമ മനസ്സിൻ്റെ കുഴപ്പമാണെന്നും അവർ വിമർശിച്ചു. ഫെയ്‌ബുക്കിൽ എഴുതിയ നീണ്ട കുറിപ്പിലായിരുന്നു വിമർശനം.
മുസ്ലിം ലീഗിനുമേലുള്ള നിങ്ങളുടെ വർഗീയത ആരോപണം വെറും പൂരപ്പറമ്പിലെ സീസൺ കച്ചവടം പോലെയാണെന്ന് അവർ പറഞ്ഞു. തരാ തരം മുസ്ലിം ലീഗിനെ വിമർശിച്ച് താങ്കളെ പോലുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കുക. ഞങ്ങളെ മലപ്പുറം ഭാഷയിൽ പറഞ്ഞാൽ അതൊക്കെ ഓത്തിച്ചാലിലെ അഴുക്കു വെള്ളം പോലെ ഒഴുകിപ്പോവും. അതൊന്നും ആരും ഗൗനിക്കില്ല. ഞാൻ പറയുന്നത് വെറും വാക്കല്ല. തലമുറകളിലൂടെ ഞങ്ങൾ അനുഭവിച്ച ജീവിത യാഥാർത്ഥ്യമാണ് മുസ്ലിം ലീഗിൻ്റെ മതേതരത്വം. മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ജനറൽ സീറ്റായ വൈസ് പ്രസിഡണ്ട് പദവിയിൽ ഇരുന്നു കൊണ്ട് അഭിമാനത്തോടെ ഞാൻ പറയുന്നു. ബഹുമാനപ്പെട്ട സജി ചെറിയാൻ, താങ്കളുടെ വാക്ക് വെറും ഓത്തിച്ചാലിലെ അഴുക്കു വെള്ളം മാത്രം. അത് ഒഴുകി വന്ന താങ്കളുടെ ഹൃദയത്തെ ശുദ്ധീകരിക്കണം, ഇല്ലെങ്കിൽ വൈകാതെ മതേതര കേരളം താങ്കൾക്കുള്ള ചികിത്സാ കുറിപ്പടി എഴുതിത്തരും. മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ക്യാൻഡിഡേറ്റ് ലിസ്റ്റ് കണ്ണട വെച്ച് നോക്കുന്നത് നന്നാവും അപ്പോഴേ കണ്ണാത്തത് കണ്ണൂ. കണ്ടിട്ടും കണ്ണാത്തത് പോലെ നടിക്കുന്നവർക്ക് ഇവിടെ മരുന്നില്ല. അവർ വർഗ്ഗീയത പറഞ്ഞു നടക്കുമെന്നും അവർ ഫെയ്സ്ബുക്കിൽ വിമർശിച്ചു.
യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. നിങ്ങൾ കാസർകോട് നഗരസഭ റിസൾട്ട് പരിശോധിച്ചാൽ മതി ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി. നിങ്ങളിത് ഉത്തർ പ്രദേശും മധ്യപ്രദേശുമാക്കാൻ നിൽക്കരുത്. ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.


