ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജകമണ്ഡലങ്ങളില്‍ സിപിഎമ്മിന്‍റെ ഏക സിറ്റിംഗ് സീറ്റായ അരൂരില്‍ യുവനേതാവ് അഡ്വ. മനു സി പുള്ളിക്കല്‍ സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റാണ് മനു സി പുള്ളിക്കല്‍. 

ഉച്ചയ്ക്ക് ആലപ്പുഴയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മനുവിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട സെക്രട്ടേറിയറ്റ് ചര്‍ച്ചയില്‍ സംസ്ഥാന നേതൃത്വമാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ മനുവിന്‍റെ പേര് നിര്‍ദേശിച്ചത്. പല പേരുകളും സ്ഥാനാര്‍ത്ഥിത്വത്തിനായി ചര്‍ച്ചകളില്‍ ഉയര്‍ന്നെങ്കിലും എല്ലാ ഘടകങ്ങളും പരിഗണിച്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഒടുവില്‍ മനുവിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രാരാംഭഘട്ടം മുതല്‍ മനുവിനെ പിന്തുണച്ചതും നിര്‍ണായകമായി. 

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ തീരുമാനം ഇനിഅരൂര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും കൂടി ചര്‍ച്ച ചെയ്യും. ശേഷം സംസ്ഥാന നേതൃത്വത്തിന്‍റെ അംഗീകാരത്തിനായി അയക്കും. സിറ്റിംഗ് എംഎല്‍എയായിരുന്ന എ.എം.ആരിഫ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതോടെയാണ് അരൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ യുഡിഎഫിനായിരുന്നു ലീഡ്. 

വയലാർ സ്വദേശിയായ മനു സി പുള്ളിക്കല്‍ ചേർത്തല എസ്എന്‍ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായാണ് രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനാവുന്നത്. ചേര്‍ത്തല സെന്റ്‌ മൈക്കിൾസ് കോളേജിൽ മാഗസിൻ എഡിറ്ററായ മനു രണ്ട് തവണ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. കേരളാ സർവ്വകലാശാല സിന്റിക്കേറ്റ് അംഗമായും പ്രവർത്തിച്ചു .

അരൂർ അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്ന പള്ളിപ്പുറം ഡിവിഷനിൽ നിന്നും  ജില്ലാ പഞ്ചായത്തിലേക്ക് 5600 വോട്ടുകളുടെ  ഭൂരിപക്ഷത്തിൽ ജയിച്ച മനു 2000 മുതൽ അരൂർ ഏരിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ സി പി ഐ (എം ) ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .അരൂർ അസംബ്ലി മണ്ഡലം പാർട്ടി സെക്രട്ടറി ,സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ,ഫിഷറീസ് സർവ്വകലാശാല സിന്റിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു .