പൂഞ്ഞാര്‍ സെന്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിച്ചു. 

തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ (Poonjar) സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു(Antony Raju). കെഎസ്ആര്‍ടിസി (KSRTC) മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തു. 

പൂഞ്ഞാര്‍ സെന്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിച്ചു. 

കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയിലും നഗരത്തിലും കനത്ത മഴയാണ് തുടരുന്നത്. ചരിത്രതിലാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലടക്കം ഇക്കുറി വെള്ളം കേറി. കാഞ്ഞിരപ്പിള്ളിയില്‍ മലവെള്ളപ്പാച്ചില്‍ മൂലം ആളുകള്‍ കുടുങ്ങി കിടക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടി.

പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളിലും കനത്ത മഴ തുടരുകയാണ്. കക്കി, ആനത്തോട്, മൂഴിയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്. എന്നാല്‍ പമ്പയിലും മണിമലയാറ്റിലും കാര്യമായി ജലനിരപ്പുയര്‍ന്നിട്ടില്ല എന്നതാണ് ആശ്വാസകരം. ഉച്ചയോടെ മഴയ്ക്ക് അല്‍പം ശക്തിക്ഷയം സംഭവിച്ചതും ആശ്വാസമായി.