പൂജപ്പുര ജയിലിലെ വിചാരണ തടവുകാരനായ അഫാൻ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. 

തിരുവനന്തപുരം : ആത്മഹത്യാ ശ്രമം നടത്തി, ആശുപത്രിയിലായ വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്റെ നില മെച്ചപ്പെട്ടു. അഫാനെ വെൻറ്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന അഫാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. നടന്നതിനെ കുറിച്ച് ഓർമ്മയില്ലെന്നാണ് അഫാൻ പറയുന്നത്. വാർഡിലേക്ക് മാറ്റിയശേഷം പൊലീസ് മൊഴിയെടുക്കും. 

പൂജപ്പുര ജയിലിലെ വിചാരണ തടവുകാരനായ അഫാൻ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ശുചിമുറിയിൽ തൂങ്ങിയ നിലയിൽ അഫാനെ കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. 

സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത പ്രമാദമായ വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതിയാണ് അഫാൻ. സഹോദരൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന, പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്‍റേത് അസാധാരണമായ പെരുമാറ്റമെന്നായിരുന്നു കൊലപാതകത്തിന് ശേഷം അഫാനോട് സംസാരിച്ച പൊലീസിന്‍റെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും വിലയിരുത്തൽ. താനും ജീവനൊടുക്കുമെന്ന് അഫാൻ നേരത്തെ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞിരുന്നു. വലിയ കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്നായിരുന്നു അഫാൻ പറഞ്ഞിരുന്നത്.

YouTube video player