ജപ്പുര സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.
തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ സഹോദരനും കാമുകിയുമടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി, ജയിലിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ ആശുപത്രി വിട്ടു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.
കഴിഞ്ഞ ഫെബ്രുവരി 24-നാണ് കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലപാതകങ്ങൾ നടന്നത്. വെഞ്ഞാറമൂട് പെരുമല ആർച്ച് ജങ്ഷനിലെ വീട്ടിൽ വെച്ച് അഫാൻ അഞ്ച് പേരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അച്ഛന്റെ അമ്മ സൽമാ ബീവി (91) , പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഷാഹിദ ബീവി (59) പിതൃസഹോദരന്റെ ഭാര്യ സഹോദരൻ അഹ്സാൻ, സുഹൃത്ത് ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങൾക്ക് ശേഷം അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ജൂൺ 25നാണ് അഫാൻ പൂജപ്പുര സെൻട്രൽ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. വേഗത്തിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ വേഗത്തിലാക്കാനിരിക്കെയായിരുന്നു അഫാന്റെ ആത്മഹത്യാശ്രമം. അതുകൊണ്ടുതന്നെ ആത്മഹത്യാശ്രമം വിചാരണ നടപടികൾക്ക് മേൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കൂട്ടകൊലപാതകക്കേസിൽ ഒരേയൊരു പ്രതി മാത്രമുള്ളതിനാൽ പരമാവധി ശിക്ഷ പ്രതി അഫാന് ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
