മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബോഡി ഷേയ്മിങ് പരാമര്‍ശത്തിന് പിന്നാലെ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പിപി ചിത്തരഞ്ജൻ എംഎൽഎ. രണ്ട് കയ്യുമില്ലാത്ത ഒരാളുടെ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന് എന്നായിരുന്നു  പരിഹാസം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബോഡി ഷേയ്മിങ് പരാമര്‍ശത്തിന് പിന്നാലെ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പിപി ചിത്തരഞ്ജൻ എംഎൽഎ. രണ്ട് കയ്യുമില്ലാത്ത ഒരാളുടെ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന് എന്നായിരുന്നു ചിത്തരഞ്ജൻ എംഎൽഎയുടെ പരിഹാസം. ചോദ്യോത്തരവേളയ്ക്കിടെയാണ് ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടുള്ള എംഎൽഎയുടെ പ്രതികരണം. ഇന്നലെ മുഖ്യമന്ത്രി സഭയിൽ നടത്തിയ അധിക്ഷേപ പരാമര്‍ശവും വിവാദമായിരുന്നു. പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ്. 

"എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വെച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വെച്ചല്ല അത്. ശരീരശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ അംഗം ആക്രമിക്കാൻ പോവുകയായിരുന്നു" ഇതായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.എന്നാൽ, മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. ഉയരം കുറഞ്ഞ ആളുകളോട് മുഖ്യമന്ത്രിക്ക് എന്താണ് ദേഷ്യം. മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിക്കണം. മാപ്പ് പറയണം. പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്പീക്കർക്ക് കത്ത് നൽകും. പുതിയ കാലത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ലേ. ഏതുകാലത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.