Asianet News MalayalamAsianet News Malayalam

ഫാരിസ് അബൂബക്കറിനെതിരെ അന്വേഷണത്തിന് എൻഫോഴ്സ്മെൻറും, ഭൂമിക്കച്ചവടത്തിന് കള്ളപ്പണം ? 

ഫാരിസ് രജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിലും ഇഡി അന്വേഷണം  നടത്തും. ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇടനിലക്കാർ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻറ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. 

after income tax department enforcement directorate to enquire about faris abubakar apn
Author
First Published Mar 21, 2023, 10:53 AM IST

കൊച്ചി : വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് അന്വേഷണവും. ഫാരിസിന്റെ ഭൂമിയിടപാടുകൾക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടർന്നാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഫാരിസ് രജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിലും ഇഡി അന്വേഷണം  നടത്തും. ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇടനിലക്കാർ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻറ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. 

ഇന്നലെ ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടത്തി. ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ ഒരേ സമയമായിരുന്ന പരിശോധന. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു അന്വേഷണം. രാവിലെ 10.30- യോടെയാണ് ഫാരിസ് അബൂബക്കറിന്റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന തുടങ്ങിയത്. 10 ഉദ്യോഗസ്ഥർ വീതമുള്ള വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. നന്ദി ബസാറിലെ വീട്ടിൽ ഫാരിസിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. 

തണ്ണീർ തടങ്ങൾ ഉൾപ്പെടെ നിർമ്മാണങ്ങൾക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വൻകിടക്കാർക്ക് കൈമാറിയെന്നും ഇതിൻറെ സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വെച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി. വിദേശത്തുവച്ച് ഇടപാടുകൾ നടത്തിയത് വഴി വൻ തോതിൽ നികുതിവെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. നേരത്തെ കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്സിന്റെ ഗുരു ഗ്രാമിലെ 201 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ട് കെട്ടിയിരുന്നു. മലയാളിയായ പിഎൻസി മേനോന്‍റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്സിൽ കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിനും ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. 

സിപിഎം വിഭാഗീയത കത്ത് നിന്ന് കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണ് ഫാരിസ് അബൂബക്കറിന്റെത്. വിഎസിന്റെ വെറുക്കപ്പെട്ടവൻ പ്രയോഗവും കൈരളി ചാനലിൽ വന്ന ഫാരിസിന്റെ അഭിമുഖവുമെല്ലാം വലിയ കോളിളക്കം സൃഷ്ടിച്ചു. അടുത്തകാലത്ത് ഫാരിസിന്റെ പിതാവ് അന്തരിച്ചതിന് പിന്നാലെ നന്ദി ബസാറിലെ വീട്ടിൽ പിണറായി വിജയൻ എത്തിയതും വാർത്തയായിരുന്നു.

 

Follow Us:
Download App:
  • android
  • ios