ചെന്നൈ: വെള്ളമില്ലാതെ വലയുന്ന ചെന്നൈ നഗരത്തിന് ആശ്വാസവും സന്തോഷവും നല്‍കി മഴയെത്തി. 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ നഗരത്തില്‍ മഴ പെയ്യുന്നത്. കടുത്ത ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ തുടങ്ങിയിരുന്നു. ജലക്ഷാമം പരിഹരിക്കാന്‍ അടുത്ത സംസ്ഥാനങ്ങളില്‍ നിന്നും ജലം കൊണ്ടു വരാന്‍ വരെ സര്‍ക്കാര്‍ ആലോചിക്കുന്ന ഘട്ടത്തിലാണ് മഴ എത്തുന്നത്. 

ഇന്ന് മുതല്‍ അടുത്ത ആറ് ദിവസത്തേക്ക് ചെന്നൈയിലും പരിസരത്തും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. മഴമേഘങ്ങള്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുകയാണെന്നും നാളെ മുതല്‍ 40 ഡിഗ്രീ ചൂടിന് കുറവ് അനുഭവപ്പെടുമെന്നും തമിഴ്നാട് വെതര്‍മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാലാവസ്ഥാ വിദഗ്ദ്ധന്‍ പ്രദീപ് അറിയിച്ചു. കാത്തിരിപ്പിനൊടുവില്‍ മഴ എത്തിയ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവച്ചു. ഇതോടെ ട്വിറ്ററില്‍ ചെന്നൈ റെയ്ന്‍സ് ട്രന്‍ഡിംഗ് ആയി മാറുകയും ചെയ്തു