തിരുവനന്തപുരം: ട്രഷറിയിലെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച് തട്ടിപ്പ്. പാലക്കാട് നഗരസഭയിലാണ് കരാറുകാരൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് നൽകിത്. അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ സെക്രട്ടറി പൊലീസിന് പരാതി നൽകി. 

പൊതുമരാമത്ത് കരാറുകൾക്ക് തുകയുടെ അഞ്ച് ശതമാനം പണി തുടങ്ങുന്നതിന് മുൻപ് ബാങ്കിലെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് ഗ്യാരന്റി നൽകണമെന്നാണ് വ്യവസ്ഥ. ഇതിൽ കുറഞ്ഞത് രണ്ടര ശതമാനമെങ്കിലും ട്രഷറിയിൽ നിന്നുള്ള സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് ഗ്യാരന്റിയായി വേണമെന്നാണ് നിർബന്ധമുണ്ട്. ഇതിലാണ് വലിയ വെട്ടിപ്പ് നടത്തിയത്. കഴിഞ്ഞ മാസം പാലക്കാട് നഗരസഭക്ക് കീഴിലെ 4 പ്രവർത്തിക്കികൾക്ക് ഒരു കരാറുകാരൻ നൽകിയത് ജില്ലാ ട്രഷറിയിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റ്. 25000 രൂപ സ്ഥിരനിക്ഷേപം നടത്തി സർട്ടിഫിക്കറ്റ് എടുത്ത കാസർകോട് സ്വദേശി ഇതിന്റെ മൂന്ന് കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് മറ്റ് മൂന്ന് കരാറുകൾക്ക് കൂടി നൽകി.  

നാല് ഗ്യാരന്റിയിൽ ഒരേ നമ്പർ കണ്ട നഗരസഭാ ഉദ്യോഗസ്ഥനാണ് തട്ടിപ്പ് കണ്ടെത്തിയത്. ഉടൻ ട്രഷറി ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെ തട്ടിപ്പാണെന്ന് വ്യക്തമായി. വ്യാജ സർട്ടിഫിക്കറ്റുകളെല്ലാം ഒരു ഉദ്യോഗസ്ഥന് മുന്നിലെത്തിയതിനാലാണ് ഇത് ഇപ്പോൾ പുറത്ത് വന്നത്. പല പല സ്ഥാപനങ്ങളിലേക്കാണെങ്കിൽ ഇത് തിരിച്ചറിയില്ലായിരുന്നു. മലപ്പുറം ചങ്ങരംകുളം ട്രഷറിയിൽ 2018ൽ സമാനമായ തട്ടിപ്പ് കണ്ടെത്തിയതാണ്. അന്ന് അന്വേഷണസംഘം നൽകിയ പ്രധാനനിർദ്ദേശങ്ങളിലൊന്ന് എഫ് ഡി സർട്ടിഫിക്കറ്റിൽ ഹോളോ ഗ്രാം പതിപ്പിക്കണമെന്നാണ്. അത് നടപ്പാക്കിയിരുന്നുവെങ്കിൽ വീണ്ടും തട്ടിപ്പ് നടക്കില്ലായിരുന്നു.