സ്വര്‍ണക്കൊള്ളയിൽ ആരും നിഷ്കളങ്കര്‍ അല്ലെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയുടെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ചോദ്യം ചെയ്യലുണ്ടായതെന്നും വിഡി സതീശൻ.
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയിൽ ആരും നിഷ്കളങ്കര്‍ അല്ലെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയുടെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മനപ്പൂർവ്വം നീട്ടിവെക്കുകയായിരുന്നു. കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ഇത് സംഭവിച്ചത്. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചു. എസ് ഐ ടിയെ താൻ തള്ളിപ്പറഞ്ഞിട്ടില്ല. എസ്.ഐ.ടിയിൽ ഇപ്പോഴും വിശ്വാസമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തരുത്. എല്ലാ അമ്പലങ്ങളുടെയും കാര്യത്തിൽ സർക്കാർ ഇടപെടാറില്ല. എന്നാൽ, ശബരിമലയുടെ കാര്യത്തിൽ ഇടപെടാറുണ്ട്. സ്വർണക്കൊള്ളയിൽ കടകംപള്ളിയ്ക്ക് പങ്കുണ്ട് എന്നതിന്‍റെ തെളിവാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ. സർക്കാർ പ്രതികൾക്ക് കുടപിടിച്ച് കൊടുക്കുകയാണ്. കൂടുതൽ നേതാക്കളുടെ പേര് റിമാൻഡിൽ ആയവർ പറയുമെന്ന ഭയത്തിലാണ് സര്‍ക്കാരെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ അറിയാതെ ശബരിമലയിൽ കൊള്ള നടക്കില്ലെന്നും വമ്പൻ സ്രാവുകള്‍ ഉണ്ടെന്ന് നേരത്തെ പറഞ്ഞതാണെന്നും മൂന്ന് സിപിഎം നേതാക്കള്‍ ഇതിനോടകം ജയിലിലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി അറിയില്ല എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കുമെന്നും ചെന്നിത്തല ചോദിച്ചു. എം വി ഗോവിന്ദന്റെ വാർത്ത സമ്മേളനം കണ്ടാൽ തെരഞ്ഞെടുപ്പിൽ യുഡിഫ് തോറ്റു എന്നാണ് തോന്നുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വളരെ വൈകി അണെങ്കിലും കടകംപള്ളിയെ ചോദ്യം ചെയ്തുവെന്നും സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം സുതാര്യമാകണമെന്നും കെ മുരളീധരൻ പ്രതികരിച്ചു. ശനിയാഴ്ച കടകംപള്ളിയെ ചോദ്യം ചെയ്തിട്ട് രണ്ടു ദിവസം കഴിഞ്ഞാണ് വാര്‍ത്ത പുറത്തുവരുന്നത്. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. തുടർനടപടികൾ സസൂക്ഷ്മമം വീക്ഷിക്കും.
പരീക്ഷ എഴുതിയ ഉടനെ തൃപ്തിയെന്ന് പറയാൻ കഴിയില്ല. പരീക്ഷാ ഫലം പുറത്തുവരട്ടെ. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിയോട് കാണിക്കാത്ത സൗജന്യം കടകംപള്ളിയോട് കാണിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കോടതി രണ്ടുതവണ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് ചോദ്യം ചെയ്യലിലേക്ക് എസ്ഐടി എത്തിയത്. ഭാവിയിൽ ദോഷം ഉണ്ടാക്കുമെന്ന ഭയം പൊലീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകും. പത്മകുമാറിന് ഒപ്പം ഉണ്ടായ ശങ്കരദാസിനെ ഇതുവരെ ചോദ്യം ചെയ്തതായി അറിവില്ലെന്നും അത് എന്തുകൊണ്ടാണെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള എസ്ഐടി കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ആളുകളുടെയും മൊഴിയെടുക്കുന്നുണ്ടെന്നുമാണ് മന്ത്രി പി രാജീവിന്‍റെ പ്രതികരണം. പ്രധാന പ്രതികൾ രണ്ടുപേരും എസ് ഐ ടി കസ്റ്റഡിയിലാണെന്നും എല്ലാ വശവും എസ് ഐ ടി പരിശോധിക്കട്ടെയെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.



