Asianet News MalayalamAsianet News Malayalam

'വിഴിഞ്ഞം സമരത്തിന് പിന്നില്‍ രഹസ്യ അജണ്ട', സമരം നടത്തുന്നത് പ്രദേശവാസികളല്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ

 വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി ദുബായിൽ പറഞ്ഞു.

Ahamed Devarkovil said that there is a secret agenda behind the Vizhinjam strike
Author
First Published Sep 22, 2022, 11:54 PM IST

ദുബായ്: വിഴിഞ്ഞം സമരത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ.  സമരം നടത്തുന്നത് പ്രദേശവാസികളല്ല. പദ്ധതി നടപ്പാക്കണം എന്നാണ് പ്രദേശവാസികള്‍ക്ക്  ആഗ്രഹം. വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി ദുബായിൽ പറഞ്ഞു.

അതേസമയം വിഴിഞ്ഞം സമരക്കാരുമായി നാളെ മന്ത്രിസഭാ ഉപസമിതി വീണ്ടും ചർച്ച നടത്തും.നാളെ 11 മണിക്കാണ് ചർച്ച. മന്ത്രിമാരായ കെ രാജൻ, വി അബ്ദുറഹ്മാൻ, ശിവൻകുട്ടി, ആന്‍റണി രാജു, ജി ആർ അനിൽ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. സമരക്കാരുമായി ഇത് നാലാം വട്ടമാണ് മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തുന്നത്.  നേരത്തെ നടന്ന ചർച്ചകളിൽ തീരുമാനമായ കാര്യങ്ങൾ പോലും ഇതുവരെ നടപ്പാക്കാനായിട്ടില്ല എന്നതിനാൽ ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. തുറമുഖ കവാടത്തിന് മുന്നിലെ സമരപന്തൽ പൊളിക്കണം എന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവും യോഗത്തിൽ സമരക്കാർ ഉന്നയിക്കും.

ദില്ലി സന്ദര്‍ശനത്തിന് മുന്നേ വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം നടത്തുന്നവരുമായി ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി. സമര സമിതി പ്രവർത്തകരെ രാജ്ഭവനിൽ വിളിച്ചു വരുത്തിയാണ് ഗവർ‍ണർ വിശദാംശങ്ങൾ തേടിയത്. പ്രശ്‌ന പരിഹാരത്തിന് ഇടപെടാം എന്ന് ഗവർണർ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സമര സമിതി പ്രവർത്തകർ അറിയിച്ചു. വിഷയം കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്താം എന്ന് ഉറപ്പ് നൽകി. ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ പറ്റി ഗവർണർ ചോദിച്ചറിഞ്ഞതായും സമര സമിതി പ്രവർത്തകർ വ്യക്തമാക്കി. ദില്ലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ക്യാമ്പുകൾ സന്ദർശിക്കും എന്നും ഗവര്‍ണര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios