സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുമാണ് വിഷയത്തിൽ എൽഡിഎഫിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. 


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ രംഗത്തെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്ഥാവന ഉണ്ടയില്ലാ വെടിയാണെന്ന് അഭിപ്രായപ്പെട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രംഗത്തി. തന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് അഹമ്മദ് ദേവര്‍കോവില്‍ കെ സുരേന്ദ്രനെതിരെ രംഗത്തെത്തിയത്. 

പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിനപ്പുറം കെ സുരേന്ദ്രന്‍റെ പ്രസ്താവനയെ കാണുന്നില്ലെന്ന് മന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലെഴുതി. റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്‍റെ പാർട്ടിയെയും ബന്ധിപ്പിച്ച്‌ സുരേന്ദ്രൻ ഇന്ന് നടത്തിയ പ്രസ്ഥാവന ആ ഗണത്തിപ്പെട്ട ഉണ്ടയില്ലാ വെടിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിർക്കുക എന്നതാണ് ഐ.എന്‍.എല്ലിന്‍റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണെന്ന് വ്യക്തമാക്കിയാണ് മന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

നേരത്തെ പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട അനുബന്ധ സംഘടന റിഹാബ് ഫൗണ്ടേഷനുമായി സഹകരിക്കുന്ന ഐഎൻഎല്ലിനേയും പാര്‍ട്ടിയുടെ പ്രതിനിധിയും കേരളത്തിലെ ഇടതുപക്ഷ മന്ത്രിസഭാഗവുമായ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനേയും എൽഡിഎഫിൽ നിന്നും സര്‍ക്കാരിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുമാണ് വിഷയത്തിൽ എൽഡിഎഫിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. 

നിരോധിക്കപ്പെട്ട റിഹാബ്‌ ഫൗണ്ടേഷനുമായി ഐഎൻഎലിന് അടുത്ത ബന്ധമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചത്. ഇരുസംഘടനകളുടേയും തലവൻ ഒരാൾ ആണ്. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനും റിഹാബ്‌ ഫൗണ്ടേഷനുമായി അടുത്ത ബന്ധമാണുള്ളതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. നിരോധിക്കപ്പെട്ട ഒരു സംഘനയുമായി ബന്ധമുള്ള ഒരാൾ എങ്ങനെ മന്ത്രിയായി തുടരുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഇടതുമുന്നണി ഐഎൻഎലിനെ പുറത്തുകളയാൻ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. നിരോധിക്കപ്പെട്ട പ്രസ്ഥാനവുമായി ചേർന്ന് ഭരണം നടത്തുന്നത് സിപിഎം അവസാനിപ്പിക്കണം. ഒന്നോ രണ്ടോ പഞ്ചായത്തും, മുൻസിപ്പാലിറ്റികളും ഭരിക്കാൻ വേണ്ടി രാജ്യത്തിന്‍റെ താത്പര്യം ബലികൊടുക്കുന്ന അവസ്ഥയാണുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍റെത് ഉണ്ടയില്ലാ വെടിയാണെന്ന് അഭിപ്രായപ്പെട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രംഗത്തെത്തിയത്. 


മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്... 

പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ സുരേന്ദ്രൻ്റെ പ്രസ്താവനയെ കാണുന്നില്ല. റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്‍റെ പാർട്ടിയെയും ബന്ധിപ്പിച്ച്‌ സുരേന്ദ്രൻ ഇന്ന് നടത്തിയത് ആ ഗണത്തിലുള്ള ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിർക്കുക എന്നത് ഐ.എന്‍.എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്.
അഹമ്മദ് ദേവര്‍കോവില്‍


കൂടുതല്‍ വായനയ്ക്ക് : പിഎഫ്ഐ അനുബന്ധ സംഘടനയോട് അടുത്ത ബന്ധം: മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ ബിജെപി