തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കാനും അധ്യാപക നിയമനങ്ങളില്‍ ഇടപെടാനുമുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ മാനേജ്‌മെന്റ് അസോസിയേഷൻ രംഗത്ത്. ബജറ്റ് നിര്‍ദ്ദേശത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമടക്കം നിലപാട് വ്യക്തമാക്കിയതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ നാളെ തിരുനന്തപുരത്ത് യോഗം ചേരാന്‍ തീരുമാനിച്ചു. സർക്കാരിനെതിരെ നിയമ നടപടികളടക്കം സ്വീകരിക്കാനാണ് മാനേജ്‌മെന്റ് അസോസിയേഷന്‍റെ നീക്കം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാനേജ്മെന്‍റുകളുടെ സംയുക്ത യോഗം വിളിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. 

എയ്‍ഡഡ് സ്കൂള്‍ അധ്യാപകനിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടും; അന്യായമായി സൃഷ്ടിച്ച തസ്തികകള്‍ റദ്ദാക്കും

എയ്‍ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. 
പരിശോധയോ സർക്കാരിന്‍റെ  അറിവോ  ഇല്ലാതെ  18,119 തസ്തികകള്‍  സർക്കാർ-എയ്ഡഡ് സ്കൂളുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും 13,255 പേര്‍ പ്രൊട്ടക്ടഡ്  അധ്യാപകരായി തുടരുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതുവരെയും നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കില്ലെങ്കിലും ഇനിയുള്ള നിയമനങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍ദ്ദേശത്തിന് പിന്നാലെ വിവിധ സ്വകാര്യ മാനേജ്മെന്‍റുകള്‍ രംഗത്തെത്തി. 

'വിരട്ടൽ വേണ്ട'; സ്കൂൾ മാനേജ്മെന്‍റുകൾക്ക് മുഖ്യമന്ത്രി പിണറായിയുടെ മുന്നറിയിപ്പ്

അധ്യാപക വിദ്യാര്‍ഥി അനുപാതം ലംഘിച്ച് പരമാവധി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുന്ന പല മാനേജ്മെന്‍റുകള്‍ക്കും തിരിച്ചടിയാകും ബജറ്റ് നിര്‍ദ്ദേശം. അതിനിടെ കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂൾ മാനേജുമെന്‍റുകളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.  വഴിവിട്ട് പ്രവർത്തിക്കുന്ന ചില മാനേജ്മെന്റുകൾ ഉണ്ട്. അവരെ തിരുത്തുന്നതിനാണ് സർക്കാർ പരിശോധന വേണമെന്ന് പറയുന്നത്. പുതിയ ഡിവിഷനും തസ്തികയും സൃഷ്ടിക്കകപ്പടുമ്പോൾ സർക്കാർ അറിയണം. ശമ്പളം കൊടുക്കാൻ സര്‍ക്കാരിന് പറ്റുമെങ്കിൽ സ്കൂളുകൾ വാടകക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാനും ആവശ്യമെങ്കിൽ ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.