നാല് വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്ത അധ്യാപകര്‍ വരുമാനത്തിനായി നേരത്തെ കണ്ടെത്തിയിരുന്ന മറ്റു ജീവിതമാര്‍ഗവും അടഞ്ഞിരിക്കുകയാണ്.

തൃശ്ശൂ‍ർ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരം കിട്ടാത്ത അധ്യാപകരുടെ ജീവിതം കൊവിഡ് കാലത്ത് ദുരിതപൂര്‍ണമാണ്. നാല് വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്ത അധ്യാപകര്‍ വരുമാനത്തിനായി നേരത്തെ കണ്ടെത്തിയിരുന്ന മറ്റു ജീവിതമാര്‍ഗവും അടഞ്ഞിരിക്കുകയാണ്.

തൃശ്ശൂരിലെ ജിൻ്റോ എന്ന തെങ്ങുകയറ്റുകാരനെ പരിചയപ്പെടുക... നാട്ടിലെ സ്ഥിരം തെങ്ങുകയറ്റക്കാരനല്ല ജിൻ്റോ. തൃശൂരിലെ ഒരു എയ്ഡ്ഡ് സ്കൂളിലെ അധ്യാപകനാണ്. നാലു വര്‍ഷമായി അഞ്ച് പൈസ ശമ്പളമായി കിട്ടിയില്ല. ക്ലാസിന് ശേഷം ഓട്ടോറിക്ഷ ഓടിച്ചാണ് നിത്യചെലവിന് വക കണ്ടെത്തിയിരുന്നത്. ലോക്ഡൗണ്‍ തുടങ്ങിയതോടെ അതും നിലച്ചു. ഇപ്പോള്‍ മറ്റ് വഴിയില്ലാതെ വീടുകളില്‍ തെങ്ങുകയറാൻ പോകുകയാണ് ഈ അധ്യാപകൻ.

ജിൻ്റോയെ പോലെ 3000- ത്തിലധികം അധ്യാപകരാണ് എയ്ഡഡ് മേഖലയില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. അധിക തസ്തികകളിലെ നിയമനങ്ങളില്‍ 1 അനുപാതം 1 എന്നത് പാലിക്കണമെന്ന് കെഇആ‍ർ ഭേദഗതിയിലൂടെ സര്‍ക്കാര്‍ നിലപാടെടുത്തതാണ് അധ്യാപകരുടെ അംഗീകാരം അവതാളത്തിലാക്കിയത്.

നിയമന അംഗീകാരത്തിനായി അധ്യാപകർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ഹര്‍ജി പരിഗണിച്ചിട്ടില്ല. കൊവിഡ് കാലത്ത് താത്കാലിക ആശ്വാസമായെങ്കിലും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇല്ലെങ്കില്‍ പലരും പട്ടിണിയിലേക്കാകും നീങ്ങുക.