Asianet News MalayalamAsianet News Malayalam

നായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് മകൻ മുങ്ങി; മക്കൾ തിരിഞ്ഞുനോക്കാത്ത വയോധികയെ ആശുപത്രിയിലെത്തിച്ച് പൊലീസ്

കുമളിയിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടി കഴിഞ്ഞ ദിവസം വീണ് വലതു കൈ ഒടിഞ്ഞിരുന്നു. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്

ailing old woman abandoned by son and daughter police take her to hospital idukki SSM
Author
First Published Jan 20, 2024, 8:16 AM IST

കുമളി: ഇടുക്കിയിലെ കുമളിയിൽ വാടക വീട്ടിൽ ഒറ്റക്ക് കഴിഞ്ഞിരുന്ന വയോധികയെ മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് ആശുപത്രിയിലാക്കി. അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യുവിനെയാണ് കുമളി ഇൻസ്പെക്ടർ ജോബിൻ ആന്റണിയും സംഘവും ചേർന്ന് ആശുപത്രിയിലാക്കിയത്.

കുമളിയിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടി കഴിഞ്ഞ ദിവസം വീണ് വലതു കൈ ഒടിഞ്ഞിരുന്നു. ശാരീരികമായ മറ്റ് അസ്വസ്ഥതകളുമുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച് പൊലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തി. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച് കുമളിയിൽ തന്നെയാണ് താമസം. മകൻറെ സംരക്ഷണത്തിലാണ് അമ്മ കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ വാടക വീടെടുത്ത് അന്നക്കുട്ടിയെ പാർപ്പിച്ചിരിക്കുകയായിരുന്നു. മകൾ മാസം തോറും നൽകിയിരുന്ന ചെറിയ തുക ഉപയോഗിച്ചാണ് ഒരു വർഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്.

പൊലീസ് അറിയച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകൻ, വീട്ടിലെ നായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു. മക്കൾ ഉപേക്ഷിച്ച മാതാവിനെ സംരക്ഷിക്കാനാണ് പൊലീസിൻറെ തീരുമാനം. അന്നക്കുട്ടിയെ പരിചരിക്കാനായി വനിതാ പൊലീസിനെ നിയോഗിച്ചതായും തുടർന്നുള്ള സംരക്ഷണത്തിന് നാട്ടുകാരുടെ സഹായം തേടുമെന്നും എസ്എച്ച്ഒ ജോബിൻ ആൻറണി പറഞ്ഞു. ഗുരുതരാവസ്ഥയിൽ ആയതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കളക്ടർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios