ശ്വാസ കോശ സംബന്ധിയായ രോഗങ്ങളുടെ നിരീക്ഷണ സംവിധാനം ശക്തമാക്കുവാന്‍ ഈ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് വഴി സാധിക്കും.

തിരുവനന്തപുരം: ശ്വാസകോശ സംബന്ധിയായ അവസ്ഥകള്‍ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയില്‍ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇതിനായി ആധുനിക വായു ഗുണനിലവാര നിരീക്ഷണ സംവിധാനം എറണാകുളം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. ശ്വാസ കോശ സംബന്ധിയായ രോഗങ്ങളുടെ നിരീക്ഷണ സംവിധാനം ശക്തമാക്കുവാന്‍ ഈ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് വഴി സാധിക്കും. സംസ്ഥാനത്തു നടപ്പാക്കി വരുന്ന ഏകാരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സംവിധാനം സ്ഥാപിക്കുന്നതെന്ന് മന്തി പറഞ്ഞു.

അതേസമയം ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കളമശേരി മെഡിക്കല്‍ കോളേജിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കാക്കനാട് ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാക്കും. മെഡിസിന്‍, പള്‍മണോളജി, ഒഫ്ത്താല്‍മോളജി, പീഡിയാട്രിക്, സൈക്യാട്രി, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും. ഇവിടെ പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് നടത്താനാകും. മൊബൈല്‍ ലാബുകളില്‍ നെബുലൈസേഷനും പള്‍മണറി ഫങ്ഷന്‍ ടെസ്റ്റിനുമുള്ള സൗകര്യങ്ങളുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിയ്ക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് നടപടിയെന്ന് വീണ ജോര്‍ജ് പറഞ്ഞു.

Read More : 'കുഞ്ഞിന് നാല് മാസം; വിട്ടുമാറാത്ത പനി, ജലദോഷം, ചര്‍മത്തിന് നീലനിറം', ജീവൻ തിരികെ നൽകി അപൂര്‍വ്വ ശസ്ത്രക്രിയ