പ്രതിപക്ഷ സമരക്കാർക്കെതിരെ പ്രയോഗിക്കുന്ന ജലപീരങ്കിവെള്ളത്തിൽ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം. പ്രതിപക്ഷ നേതാവ് കൈമാറിയ വെള്ളമാണ് പൊലീസ് പരിശോധനക്കയച്ചത്. പരിശോധന റിപ്പോർട്ട് പൊലീസ് ആഭ്യന്തരമന്ത്രിക്ക് കൈമാറി.

തിരുവനന്തപുരം: തലസ്ഥാനത്ത് എഐഎസ്എഫ് - എഐവൈഎഫ് സമരക്കാർക്കെതിരെ പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം. വെള്ളത്തിൽ ഇരുമ്പിന്‍റെ അംശങ്ങള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. കെ രാജൻ അടക്കമുള്ളവർക്കെതിരെ ഉപയോഗിച്ചത് മലിനജലമാണെന്ന ആക്ഷേപം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയിൽ വരെ ഉന്നയിച്ചിരുന്നു.

പിഎം ശ്രീക്കെതിരെ ജൂണ്‍ 22ന് എഐഎസ്എഫ് - എഐവൈഎഫ് സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മുൻ മന്ത്രി കെ രാജൻ ഉള്‍പ്പെടെ ജലപീരങ്കി പ്രയോഗത്തിൽ നനഞ്ഞു. പൊലീസ് ചീറ്റിയ വെള്ളം ശേഖരിച്ച് കെ രാജൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കൈമാറി. സഭയിൽ വെള്ള കുപ്പിയുമായാണ് പൊലീസിനെ പിണറായി വിജയൻ വിമർശിച്ചത്. സംഭവം വിവാദമായതിനെ തുടർന്നായിരുന്നു ശാസ്ത്രീയ പരിശോധന. പ്രതിപക്ഷം കൈമാറിയ വെള്ളം ശാസ്ത്രീയ പരിശോധനക്കായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ആഭ്യന്തരമന്ത്രി കൈമാറി. ജലഅതോറ്ററ്റിയുടെ ലാബിൽ പരിശോധന നടത്തി. വെള്ളത്തിൽ അണുബാധയില്ലെന്നും ഇരുമ്പിന്‍റെ അംശമാണുള്ളതെന്നുമായിരുന്നു റിപ്പോർട്ട്. സഭയിൽ വയ്ക്കാൻ റിപ്പോർട്ട് പൊലീസ് ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. രണ്ട് ജലപീരങ്കി ടാങ്കുകളും തുറന്ന് പരിശോധിച്ച് വൃത്തിയാക്കി. വെള്ളം നിറച്ചുവച്ചു.

പൊലീസ് ആസ്ഥാനത്തേക്കുള്ള ഡിവൈഎഫ്ഐ സമരത്തിനിടെ ചീറ്റി വെള്ളത്തിനും ചെളിയുടെ നിറമുണ്ടായികുന്നു. സമരക്കാരെ നേരിടാൻ പൊലീസ് മനപ്പൂർവ്വം മലിയ ജലം ചീറ്റുവെന്നാണ് വീണ്ടും ആക്ഷേപം. ജലഅതോററ്റിയുടെ വെള്ളമാണ് ടാങ്കിൽ ശേഖരിക്കുന്നതെന്നും ബാക്കി കിടക്കുന്ന വെള്ളവും ഇരുമ്പിന്‍റെ അംശവും ചേരുമ്പോഴുണ്ടാകുന്ന നിറവ്യത്യാസമെന്നാണ് പൊലീസിന്‍റെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ടാങ്ക് പൊലീസ് ഉടന്‍ മാറ്റില്ല, സമരം തുടരും ഒപ്പം വെള്ളം ചീറ്റലും വിവാദവും.

YouTube video player