Asianet News MalayalamAsianet News Malayalam

'എസ്എഫ്ഐ രക്തരക്ഷസ്സ്, ആർഎസ്എസ്സുമായി താരതമ്യം ചെയ്യേണ്ടി വരും', ആഞ്ഞടിച്ച് എഐഎസ്എഫ്

''മിക്ക ക്യാംപസ്സുകളിലും എഐഎസ്എഫിന് നോമിനേഷൻ പോലും നൽകാനാകാത്ത അവസ്ഥയാണ്. എന്നിട്ടും ഇവർ വാദിക്കുന്നത് സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കുന്നുവെന്നാണ്'', എഐഎസ്എഫ് പ്രവർത്തന റിപ്പോർട്ട് പറയുന്നു. 

aisf working report in kannur district meet slams sfi
Author
Kannur, First Published Jul 27, 2019, 7:51 PM IST

കണ്ണൂർ: എസ്എഫ്ഐക്കെതിരെ ആ‌ഞ്ഞടിച്ച് സിപിഐയുടെ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്. എസ്എഫ്ഐക്ക് രക്തരക്ഷസ്സിന്‍റെ സ്വഭാവമാണെന്ന് എഐഎസ്എഫിന്‍റെ കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ജനാധിപത്യം വാക്കുകളിൽ മാത്രമൊതുങ്ങിയിരിക്കുകയാണ്. പല ക്യാംപസുകളിലെയും എസ്എഫ്ഐ നേതാക്കൾ എഐഎസ്എഫ് നേതാക്കളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണ്. പലയിടത്തും എഐഎസ്എഫിന് നോമിനേഷൻ പോലും നൽകാനാകാത്ത അവസ്ഥയാണ്. എന്നിട്ടും ഇവർ വാദിക്കുന്നത് സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കുന്നുവെന്നാണ് - എഐഎസ്എഫ് പ്രവർത്തന റിപ്പോർട്ട് വിമർശിക്കുന്നു.

രാവിലെ നടന്ന സംഘടനാ സമ്മേളനത്തിലും എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനമാണുയർന്നത്. അടക്കി വാഴുന്ന പ്രവണത എസ്എഫ്ഐ അവസാനിപ്പിച്ചില്ലെങ്കിൽ ആർഎസ്എസ്സ് ഉൾപ്പടെയുള്ള സംഘ‍ടനകളുമായി താരതമ്യം ചെയ്യേണ്ടി വരുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരൻ വിമർശിച്ചു. 

''നേരത്തേ ആർഎസ്എസ്സിന്‍റെ നാഗ്‍പൂരിലെ ആസ്ഥാനത്ത് നിന്നാണ് വിദ്യാർത്ഥി സംഘടനകൾക്ക് ദേശസ്നേഹത്തിന്‍റെ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. അന്ന് എഐഎസ്എഫിനും കിട്ടി ഒരു സർട്ടിഫിക്കറ്റ്. ഇന്ന് കേരളത്തിലെ ഒരു വിദ്യാർത്ഥി പ്രസ്ഥാനം പറയുന്നു, നിങ്ങൾക്ക് യൂണിറ്റ് രൂപീകരിക്കണമെങ്കിൽ ഞങ്ങൾ അനുമതി തരണമെന്ന്. ഈ ഫാസിസ്റ്റ് ശൈലി വിളിച്ചുപറഞ്ഞില്ലെങ്കിൽ ഇടതു പക്ഷ പ്രസ്ഥാനത്തിന്‍റെ അന്തകവിത്തായി ഇത്തരം സംഘടനകൾ മാറുമെന്നത് യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കണം. 

യൂണിവേഴ്സിറ്റി കോളേജിലെ സംഭവവികാസങ്ങൾ ഒറ്റപ്പെട്ട സംഭവവികാസങ്ങളാണെന്ന് പറഞ്ഞാൽ അത് അനുവദിച്ചുകൊടുക്കാൻ കഴിയില്ല. ഇത് എസ്എഫ്ഐക്ക് മാത്രമല്ല, മറ്റ് വിദ്യാർത്ഥി സംഘടനകൾക്കും പ്രസക്തമാണ്. അഭിമന്യുവിന് നേരെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ഉയർത്തിയ ഭീഷണി പോലെ, എഐഎസ്എഫിന് നേരെ കണ്ണൂർ ജില്ലയിൽ എസ്എഫ്ഐയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുവെങ്കിൽ, ഈ രണ്ട് രാഷ്ട്രീയവും തമ്മിൽ താരതമ്യം ചെയ്യേണ്ടി വരും'', സുഭേഷ് സുധാകരൻ പറ‍ഞ്ഞു. 

പ്രവർത്തന റിപ്പോർട്ടിൽ പറയുന്നതെന്ത്?

സമാധാനത്തിന്‍റെ അടയാളമായ തൂവെള്ള കൊടിയുമായി പ്രവർത്തിക്കുന്ന എസ്എഫ്ഐ രക്തരക്ഷസ്സിന്‍റെ സ്വഭാവവുമായാണ് മുന്നോട്ടു പോകുന്നത്. കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാംപസ്സിൽ എഐഎസ്എഫിന് എസ്എഫ്ഐയുടെ ഭീഷണിയുണ്ടായി. യുയുസി പോസ്റ്റിലേക്ക് എഐഎസ്എഫ് വിജയിച്ചു. ഇത് അംഗീകരിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കുകയാണ് കോളേജ് അധികൃതർ ചെയ്തത്. ഇത് പരിഹരിക്കാൻ ഒരു സഹായവും നേതൃത്വസംഘടനകളിൽ നിന്ന് കിട്ടിയതുമില്ല. 

എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം അഗേഷിനെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കി. ഈ ഭീഷണികളോട് ജില്ലയിലെ പാർട്ടി നേതൃത്വം കൈക്കൊണ്ടത് മൃദുസമീപനമാണെന്നും മറ്റ് പലയിടങ്ങളിലും ഇത്തരത്തിൽ പാർട്ടി അംഗങ്ങൾക്ക് ഭീഷണി നേരിടേണ്ടി വരുന്നുവെന്നും സംഭവങ്ങൾ എണ്ണിപ്പറഞ്ഞ് റിപ്പോർട്ടിൽ എഐഎസ്എഫ് പറയുന്നു. 

 

Follow Us:
Download App:
  • android
  • ios