ദില്ലി: ജെഎൻയു ക്യാമ്പസിലെ മുഖം മൂടി സംഘത്തിന്‍റെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി വിദ്യാർഥി യൂണിയൻ പ്രസിഡണ്ട്‌ ഐഷി ഘോഷ്. ദില്ലിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും പിണറായി വിജയനെ കണ്ടത്. ക്യാമ്പസിൽ അന്ന് നടന്ന കാര്യങ്ങൾ മുഖ്യമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. 32 പേര്‍ക്ക് പരിക്കുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥി പിണറായി വിജയനോട് പറ‍ഞ്ഞു. 

ആക്രമണത്തിൽ അധ്യാപകര്‍ക്ക് അടക്കം പരിക്കേറ്റിട്ടുണ്ടെന്ന് കൂടിക്കാഴ്ചക്കെത്തിയ വിദ്യാര്‍ത്ഥികൾ പറഞ്ഞു.ഇരുമ്പ് വടികൊണ്ടാണ് തലയ്ക്ക് അടിയേറ്റതെന്ന് ഐഷി ഘോഷ് പറഞ്ഞു. പരിശീലനം നേടിയവരാണ് അക്രമികളെന്നും അതുകൊണ്ടാണ് തലയ്ക്ക് അടിച്ചതെന്നുമായിരുന്നു പിണറായി വിജയന്‍റെ മറുപടി. പോരാട്ടം തുടരണമെന്നും  പിൻമാറരുതെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു. ക്യാമ്പസിലെ നിലവിലെ അവസ്ഥയും പിണറായി വിജയൻ ആരാഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുൻ നിര പോരാട്ടം നടത്തുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി വിദ്യാര്‍ത്ഥി പ്രതിനിധികളോട് വിശദീകരിച്ചു. കേരളത്തിന്‍റെ പിന്തുണയിൽ നന്ദിയുണ്ടെന്നായിരുന്നു ഐഷി ഘോഷിന്‍റെ പ്രതികരണം.