തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾക്ക് നേതൃത്വ പരിശീലനത്തിനായി വിദേശയാത്ര നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന്എഐവൈഎഫ് ആവശ്യപ്പെട്ടു. ലണ്ടനിലെ കാർഡിഫ് സർവ്വകലാശാലയിൽ നേതൃത്വ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ കേരളത്തിലെ 66 ആർട്സ് ആന്റ് സയൻസ് കോളേജുകളിലേയും 9 യൂണിവേഴ്സിറ്റികളിലേയും ഭാരവാഹികളായ75 പേരെയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്.

ദേശീയതലത്തിൽ തന്നെ മികവുറ്റ നിലയിൽ പ്രവർത്തിക്കുന്ന സർവ്വകലാശാലകൾ നമുക്കുണ്ട്. ഉയർന്ന ജനാധിപത്യബോധവും രാഷ്ട്രീയ പ്രബുദ്ധതയും സാമൂഹിക പ്രതിബദ്ധതയും അവകാശബോധവും പുലർത്തുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന ആശയസംവാദത്തിന്റേയും മതനിരപേക്ഷതയുടെയും കേന്ദ്രങ്ങളായ നിരവധി സർവ്വകലാശാലകൾ ഇന്ത്യയിൽ  നിലവിലുണ്ട്. ഇവിടെങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ പഠനവിധേയമാക്കുവാനുള്ളപ്പോൾ വൻ ചെലവിൽ വിദേശ സർവ്വകലാശാലകളിലേക്ക് യാത്ര പോകുന്നത് ശരിയല്ല.    

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനും അടിസ്ഥാന വികസനം മെച്ചപ്പെടുത്തുവാനും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കടന്നു വരുവാനും സഹായകമായി ഫണ്ട് ഉപയോഗിക്കുകയാണ് വേണ്ടത്.   പൊതുവിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത നേട്ടം കൈവരിച്ച മാതൃകയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും ഗുണനിലവാരം മെച്ചപ്പെടുത്തുവാനും ഈ മേഖലയിൽ അടിക്കടി ഉയർന്നു വരുന്ന ആശങ്കകളും പരാതികളും പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഇടപെടലുകൾക്കാണ് സർക്കാർ പ്രാമുഖ്യം നൽകേണ്ടതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ അഭിപ്രായപ്പെട്ടു.