തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എംപിമാർ താത്പര്യം പ്രകടിപ്പിച്ചെന്ന ഭാഷയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് അജയ് തറയിൽ. വാ‍ർത്താസമ്മേളനത്തിൽ നാടകീയമായി രാജി പ്രഖ്യാപിച്ച ബെന്നി ബെഹന്നാൻ എംപിയേയും അജയ് തറയിൽ ശക്തമായി വിമ‍ർശിച്ചു. ഫേസ്ബുക്കിലൂടെയാണ് തറയിലിൻ്റെ വിമർശനം. 

യുഡിഎഫ് കൺവീനർ സ്ഥാനം വാർത്താ സമ്മേളനം നടത്തി ബെന്നി ബെഹന്നാൻ പ്രഖ്യാപിച്ചത് ശരിയായില്ല. സ്വാർത്ഥ താല്പര്യത്തിനാണ്  ഈ നീക്കം. ഏതെങ്കിലും എംപിമാർക്ക് നിയമസഭയിൽ മത്സരിക്കണമെങ്കിൽ ഇപ്പോഴേ രാജി വയ്ക്കണം. അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഉപതെരഞ്ഞെടുപ്പും കൂടി നടക്കും. എംപിയായിരുന്നു കൊണ്ട് എംഎൽഎയായി മത്സരിക്കാം എന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ ആ പൂതി മനസിൽ വച്ചാൽ മതിയെന്നും അജയ് തറയിൽ ഫേസ്ബുക്കിൽ കുറിച്ചു.