Asianet News MalayalamAsianet News Malayalam

'കെ സുധാകരന്റേത് കലാപത്തിനുള്ള മുന്നൊരുക്കം'; വിമര്‍ശിച്ച് എ കെ ബാലൻ

പൊതു ബോധം എതിരായപ്പോൾ സുധാകരൻ പഴയ ശൈലിയിലേക്ക് പോയി. സുധാകരന്റെ ശ്രമത്തോട് കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും എ കെ ബാലൻ. 

AK Balan against k sudhakaran
Author
Thiruvananthapuram, First Published Jun 20, 2021, 3:50 PM IST

തിരുവനന്തപുരം: കെ സുധാകരന്റേത് കലാപത്തിനുള്ള മുന്നൊരുക്കമെന്ന് എ കെ ബാലൻ. ഞങ്ങൾ ഇന്നലെ വിവാദം അവസാനിപ്പിച്ചു. പൊതു ബോധം എതിരായപ്പോൾ സുധാകരൻ പഴയ ശൈലിയിലേക്ക് പോയിയെന്നും എ കെ ബാലൻ വിമർശിച്ചു. സുധാകരന്റെ ശ്രമത്തോട് കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയന്റെ മക്കളെ തട്ടി കൊണ്ട് പോകാൻ ആസൂത്രണം ചെയ്തത് ആരാണെന്ന് ഉചിതമായ ഘട്ടത്തിൽ പറയാമെന്നും ബാലൻ ഫേസ്ബുക്കിൽ കുറിച്ചു. 

എ കെ ബാലന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

പിണറായിക്ക് മാഫിയാ ബന്ധമുണ്ടെന്നും അതുകൊണ്ട് വ്യക്തിപരമായ ആക്രമണം തുടരുമെന്നും സുധാകരൻ ഇന്ന് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഒരു കലാപത്തിനുള്ള മുന്നൊരുക്കമാണ്. പിണറായിയെ കിടന്നുറങ്ങാൻ സമ്മതിക്കില്ലെന്നും മക്കളെ കാണണമെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നും ബി ജെ പി നേതാവ് പറഞ്ഞതിന് പിന്നാലെയാണ് സുധാകരന്റെ ഭീഷണി. ഇതുവരെ സുധാകരൻ പറഞ്ഞത് യാദൃശ്ചികമല്ല, ബോധപൂർവമാണ്. ഇന്നലത്തെ പത്രസമ്മേളനത്തോടെ സുധാകരൻ പൊതുസമൂഹത്തിൽ തുറന്നുകാട്ടപ്പെട്ടു. സുധാകരൻ തുടങ്ങിവെച്ച വിവാദത്തിലെ ആരോപണങ്ങൾ കുപ്പിവള പോലെ പൊട്ടിത്തകർന്നു. ഫ്രാൻസിസിന്റെ മകൻ തന്നെ സുധാകരന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. ഞങ്ങൾ ഈ വിവാദം ഇന്നലെ തന്നെ അവസാനിപ്പിച്ചതാണ്. എന്നാൽ പൊതുബോധം എതിരായപ്പോൾ പഴയ ശൈലിയിലേക്ക് തിരിച്ചുപോവുകയും കലാപശ്രമം നടത്തുകയുമാണ് സുധാകരൻ. കോൺഗ്രസ് നേതൃത്വം ഇതിനോടുള്ള നിലപാട് വ്യക്തമാക്കണം.

കെ സുധാകരൻ വീണിടത്തു കിടന്നുരുളുകയാണ്. പിണറായി വിജയനെ നേരിടാനുള്ള "അഭിനവ തച്ചോളി ഒതേന"നായി ഇല്ലാത്ത വിശേഷണങ്ങൾ പ്രയോഗിച്ച് സുധാകരനെ ഉയർത്തിക്കാട്ടാൻ ചില മാധ്യമങ്ങൾ നടത്തുന്ന ശ്രമമാണ് തകർന്ന് തരിപ്പണമായത്. നേരത്തേ പറഞ്ഞതിന് കടകവിരുദ്ധമായി അദ്ദേഹം തന്നെ പറയുകയാണ്.

എ കെ ബാലനും മമ്പറം ദിവാകരനും 1971 ലാണ് ബ്രണ്ണനിൽ ചേർന്നതെന്നും അതിനു മുമ്പുള്ളതൊന്നും ബാലന് അറിയില്ലെന്നുമാണ് സുധാകരൻ പറഞ്ഞത്. പിണറായി വിജയൻ കിട്ടാനുള്ള ചില പേപ്പറുകളുടെ പരീക്ഷയെഴുതാൻ ബ്രണ്ണൻ കോളേജിൽ വന്നപ്പോഴാണ് സംഭവം എന്നാണ് സുധാകരൻ മനോരമയോട് പറഞ്ഞത്. 'അന്ന് എ കെ ബാലൻ്റെ നേതൃത്വത്തിൽ സമരം നടന്നു. കെ എസ് യു ക്കാർ ഇത് തടഞ്ഞു. സമരക്കാരെ നയിക്കാൻ വന്ന പിണറായി വിജയനെ അണികൾ നൽകിയ ആവേശത്തിൽ ഒറ്റച്ചവിട്ട്. വീണുപോയ പിണറായിയെ എൻ്റെ പിള്ളേർ വളഞ്ഞിട്ട് തല്ലി' എന്നൊക്കെയാണ് സുധാകരൻ്റെ വീമ്പു പറച്ചിൽ.

1971 നു മുമ്പു തന്നെ ഞാൻ ബ്രണ്ണനിലുണ്ടായിരുന്നു എന്നതിൻ്റെ തെളിവാണ് സുധാകരൻ്റെ തന്നെ മനോരമ അഭിമുഖം. 1971 ൽ കെ സുധാകരൻ കെ എസ് യു വിൽ ഇല്ലല്ലോ; സംഘടനാ കോൺഗ്രസിൻ്റെ വിദ്യാർഥി സംഘടനയായ എൻ എസ് ഒ വിലാണ്. അപ്പോൾ എസ് എഫ് ഐയോട് ഏറ്റുമുട്ടേണ്ട പ്രശ്നമില്ലല്ലോ. അദ്ദേഹം വരുമ്പോൾ ഞാൻ അവിടെയില്ലെന്ന് പറഞ്ഞത് ബോധപൂർവമാണ്. യഥാർഥത്തിൽ 1968- 69 കാലത്താണ് സംഭവം. അന്ന് ടി വി ബാലൻ മാഷിന്റെ ക്ലാസിനു മുമ്പിൽ വെച്ചാണ് സംഭവം. അതിന്റെ ദൃക്‌സാക്ഷിയായ അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുമുണ്ട്. 1968 ൽ ഞാൻ കെ എസ് എഫിന്റെ താലൂക്ക് സെക്രട്ടറി ആയിരുന്നപ്പോഴാണ് കോടതി പിക്കറ്റിങ് നടന്നത്. അന്ന് കോടിയേരി ബാലകൃഷ്ണനും പി ജയരാജനും താലൂക്ക് കമ്മിറ്റിയിൽ ഉണ്ടായിരുന്നു.

സുധാകരൻ്റെ തന്നെ സുഹൃത്ത്, അഴീക്കോടുള്ള ഡോ. നരേന്ദ്രൻ എന്നോടൊപ്പം പ്രീഡിഗ്രിക്ക് ബയോളജിക്ക് പഠിച്ചതാണ്. എൻ്റെ കൂടെ പ്രീഡിഗ്രി ബയോളജിക്ക് പഠിച്ച ചന്ദ്രശേഖരൻ തലശ്ശേരിയിലെ അറിയപ്പെടുന്ന ഫിസിഷ്യനാണ്. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള ഡോ. ശാന്താറാമും ഉണ്ട്. ഇവരുടെയൊക്കെ മൊബൈൽ നമ്പർ എൻ്റെ പക്കലുണ്ട്. കണ്ണൂർ രാമ തെരുവിലുളള രാഘവൻ മാഷ് ബ്രണ്ണനിൽ പഠിപ്പിക്കുന്ന സമയത്താണ് ഞാൻ അവിടെ പ്രീ ഡിഗ്രിക്ക് പഠിച്ചിരുന്നതെന്ന് ഇന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്തു. എം എൻ വിജയൻ മാഷ്, മധുകർ റാവു, ആറ്റൂർ രവിവർമ, വിജയരാഘവൻ മാഷ്, ആന്റണി മാഷ് എന്നിവരൊക്കെ എന്നെ പ്രീ ഡിഗ്രിക്ക് പഠിപ്പിച്ചവരാണ്. എന്നോടൊപ്പം പ്രീ ഡിഗ്രിക്ക് പഠിച്ച കെ എസ് യുവിന്റെ പ്രധാന പ്രവർത്തകനായിരുന്നു ലക്ഷദ്വീപിലെ മുത്തുക്കോയ. അദ്ദേഹം പിന്നീട് എയർ ഇന്ത്യ മാനേജർ ആയി. ഇപ്പോൾ മാഹിയിലുണ്ട്. എന്റെ സീനിയർ ആയി പഠിച്ചവരാണ് കൊച്ചി യൂണിവേഴ്സിറ്റി കൺട്രോളർ ആയിരുന്ന ഡോ. കെ വി കുഞ്ഞികൃഷ്ണൻ, സി പി അബൂബക്കർ, രാജൻ ഗുരുക്കൾ എന്നിവർ. ഇതൊക്കെ അറിയാത്ത ഒരാളാണ് സുധാകരൻ എന്ന് തോന്നുന്നില്ല.

പിണറായി വിജയൻ സംഭവത്തിൽ എന്റെ സാന്നിധ്യം മറച്ചുവെച്ചത് മൂലം സുധാകരൻ നടത്തുന്ന ഗൂഡാലോചനക്ക് അദ്ദേഹത്തിന്റെ തന്നെ പ്രസ്താവന കടകവിരുദ്ധമായി തീർന്നു.

1967-69 കാലത്തെ സപ്തകക്ഷി മുന്നണി മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ ബ്രണ്ണൻ കോളേജിൽ കമ്മ്യൂണിറ്റി ഹാൾ ഉദ്‌ഘാടനം ചെയ്യാൻ വന്നപ്പോൾ കെ സുധാകരന്റെ നേതൃത്വത്തിൽ വളരെ മോശം മുദ്രാവാക്യം വിളിച്ച് ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഇതുകേട്ട് പ്രകോപിതനായി ഞാൻ ശക്തമായി സി എച്ചിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും കെ എസ് എഫ് പ്രവർത്തകർ സംരക്ഷണം കൊടുത്ത് ചടങ്ങ് വിജയിപ്പിക്കുകയും ചെയ്തു. മുഹമ്മദ്‌കോയ സാഹിബ് ചടങ്ങ് കഴിഞ്ഞു തിരിച്ചുപോകുമ്പോൾ കെ എസ് എഫ് പ്രവർത്തകരെ അഭിനന്ദിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇക്കാര്യം പിന്നീട് സി എച്ച് മുഹമ്മദ്‌കോയ അനുസ്മരണത്തിൽ പാലക്കാട് പങ്കെടുത്ത എം എൻ വിജയൻ മാഷ് അനുസ്മരിച്ചിരുന്നു. അന്ന് വേദിയിൽ ഡോ. എം കെ മുനീറും കെ ടി ജലീലും ഉണ്ടായിരുന്നു. സി എച്ച് മുഹമ്മദ് കോയക്കെതിരെ സംസ്ഥാനവ്യാപകമായി കെ എസ് യുവും കോൺഗ്രസ്സും നടത്തിയ അക്രമസമരങ്ങളെ ചെറുത്ത് സി എച്ചിനെ സംരക്ഷിക്കാൻ സി പി ഐ എമ്മും കെ എസ് എഫും മുന്നിലുണ്ടായിരുന്നു. ഇനി സുധാകരൻ പറയൂ, 1968 മുതൽ 1973 വരെ ഞാൻ ബ്രണ്ണനിൽ ഉണ്ടായിരുന്നോ എന്ന്.

പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പ്ലാനിട്ടത് ആരാണെന്നു വേണമെങ്കിൽ ഉചിതമായ ഘട്ടത്തിൽ പറയാം. സുധാകരന്റെ പ്രസ്താവനകൾ കെപിസിസിയുടെ പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി ഗൗരവമായി പരിശോധിക്കുമെന്ന് ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞിട്ടുള്ളത് സ്വാഗതാർഹമാണ്.

Follow Us:
Download App:
  • android
  • ios