തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധം ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു. ജുഡീഷ്യറി യുദ്ധം പ്രഖ്യാപിക്കേണ്ട വേദിയല്ല. വക്കീലമാര്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമവഴി തേടണമായിരുന്നുവെന്നും മജിസ്ട്രേറ്റിനെതിരെ അഭിഭാഷകര്‍ തട്ടിക്കയറിയെങ്കില്‍ അതു തെറ്റാണെന്നും ബാലന്‍ പറഞ്ഞു. ഇനി പ്രശ്നം ഹൈക്കോടതി പരിശോധിക്കട്ടേയെന്നും പ്രശ്നത്തിന് അടിസ്ഥാനമായ കേസിലെ പരാതിക്കാരിയും സംഭവങ്ങളുടെ മുഖ്യസാക്ഷിയുമായ ലതാ കുമാരി പരാതി നല്‍കിയാല്‍ വേണ്ട സുരക്ഷ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.