പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ പൊലീസ് അന്വേഷണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി എകെ ബാലൻ. പ്രോസിക്യൂഷന്‍റെയും അന്വേഷണ സംഘത്തിന്‍റെയും വീഴ്ചകൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കിട്ടിയിട്ടുണ്ട് . ഇനിയൊരു അന്വേഷണ സംഘവും ഇങ്ങനെ വൃത്തികെട്ട രീതിയിൽ അന്വേഷണം നടത്തരുത് . അതിനുള്ള നടപടി സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു. 

വാളയാര്‍ കേസ് അന്വേഷിച്ച പൊലീസിനെതിരെ ഗുരുതരമായ ആക്ഷേപം ഉയര്‍ന്നതോടെയാണ് നിയമമന്ത്രിയുടെ പ്രതികരണം. ഇത്തരം വീഴ്ചകൾ ഇനി ആവര്‍ത്തിക്കാതിരിക്കാൻ കര്‍ശന നടപടി ഉണ്ടാകും. ആ നടപടികൾ വരും ദിവസങ്ങളിൽ കാണാമെന്നും എകെ ബാലൻ പറഞ്ഞു. ഇനിയൊരു  പ്രോസിക്യൂഷനും ഈ രീതിയിൽ കേസ് നടത്തരുത് . വാളയാർ വിഷയത്തിൽ ശക്തമായ നടപടി സർക്കാർ എടുക്കും, വരും ദിവസങ്ങളിൽ അത് കാണുമെന്നും നിയമ മന്ത്രി എകെ ബാലൻ പാലക്കാട്ട് പറഞ്ഞു.