സോളാർ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം; യുഡിഎഫ് മലർന്നു കിടന്ന് തുപ്പുന്നുവെന്ന് എകെ ബാലൻ
ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് ജനങ്ങൾക്ക് അറിയാം. അന്വേഷണത്തിന് ഉമ്മൻചാണ്ടിയുടെ കുടുംബം തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും എകെ ബാലൻ പറഞ്ഞു.

തിരുവനന്തപുരം: സോളാർ ഗൂഢാലോചനയിൽ യുഡിഎഫിന്റെ സിബിഐ അന്വേഷണ ആവശ്യം മലർന്നുകിടന്നു തുപ്പൽ മാത്രമാണെന്ന് എ കെ ബാലൻ. ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് ജനങ്ങൾക്ക് അറിയാം. അന്വേഷണത്തിന് ഉമ്മൻചാണ്ടിയുടെ കുടുംബം തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും എകെ ബാലൻ പറഞ്ഞു. 'സിബിഐ അന്വേഷണം ഇപ്പോൾ വേണമെന്ന് പറയുന്നത് സതീശനാണ്. അത് മലർന്നുകിടന്ന് തുപ്പൽ മാത്രമാണ്. ഞാൻ അന്നേ പറഞ്ഞതാണ്, ഇത് വടികൊടുത്ത് അടി വാങ്ങലാണ് എന്ന്. ഉമ്മൻചാണ്ടിയെ ഈ പരുവത്തിലെത്തിച്ചതിന്റെ ഗൂഢാലോചന അന്വേഷിച്ചാലല്ലേ മനസ്സിലാകുക? അതിൽ ഞങ്ങൾക്ക് ആർക്കും പേടിയില്ലല്ലോ? ഇതോട് കൂടിയിട്ട് കോൺഗ്രസിന്റെ അധപതനമാണ്. അന്വേഷണത്തിന് ആ കുടുംബം സമ്മതിക്കില്ല. ചാണ്ടി ഉമ്മൻ സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ചാണ്ടി ഉമ്മന് അറിയാം ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന്.' എകെ ബാലൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.