കോഴിക്കോട്: എറണാകുളം മരടില്‍ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച കല്ലട ബസ്സിന്‍റെ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കല്ലട ബസ്സുകാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത് സര്‍ക്കാര്‍ അംഗീകരിച്ച് കൊടുക്കില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

മരടില്‍ കല്ലട ബസ്സിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞു. എന്നാല്‍ ഈ ബസ്സിന്‍റെ പെര്‍മിറ്റ് ഇതുവരെ റദ്ദാക്കിയിട്ടില്ല. ഇത് ഗുരുതര വീഴ്ചയാണെന്ന് മന്ത്രി സമ്മതിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ കല്ലട ബസ്സുകാര്‍ ക്ഷമാപണം പോലും നടത്തിയിട്ടില്ല. ജനങ്ങള്‍ക്കെതിരെ നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ ശക്തമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി.

റീജനല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി യോഗം ചേരാത്തതിനാലാണ് പെര്‍മിറ്റ് റദ്ദാക്കുന്നത് വൈകുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മറ്റന്നാള്‍ യോഗം ചേരുമെന്നാണ് വിവരം. തിങ്കളാഴ്ച കോണ്‍ട്രാക്ട് കാരിയര്‍ ബസ്സുകള്‍ സമരം പ്രഖ്യാപിച്ചതിനെ കുറിച്ച് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. നോട്ടീസ് നല്‍കിയിട്ടില്ല. എങ്കിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ പകരം സംവിധാനം ഒരുക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.