Asianet News MalayalamAsianet News Malayalam

എകെജി സെന്‍റര്‍ കേസ്; നിർണായകമായത് ജിതിന്‍റെ ടി ഷർട്ട്, ദൃശ്യങ്ങളില്‍ കണ്ട ടി ഷര്‍ട്ടിട്ട ഫോട്ടോ എഫ്ബിയിലും

സ്ഫോടക വസ്തു എറിഞ്ഞ ശേഷം സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറി പോയെന്നാണ് ക്രൈബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ജിതിന്‍റെ ഉടമസ്ഥതയിലുള്ള കാർ ക്രൈംബ്രാഞ്ച് കണ്ടത്തി. പിന്നീട് സ്കൂട്ടർ ഓടിച്ചു പോയത് മറ്റൊരാളാണെന്നും ക്രൈബ്രാഞ്ച് കണ്ടെത്തി.

akg centre attack case youth congress worker in crime branch custody more information out
Author
First Published Sep 22, 2022, 12:10 PM IST

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസന്വേഷണത്തില്‍ നിർണായമായത് ജിതിൻ ധരിച്ചിരുന്ന ടി ഷർട്ട്. സിസിടിവിയിൽ പ്രതി ധരിച്ചിരുന്ന ടി ഷർട്ടിട്ട് ജിതിൻ ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടിരുന്നു. സ്ഫോടക വസ്തു എറിഞ്ഞ ശേഷം സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറി പോയെന്നാണ് ക്രൈബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ജിതിന്‍റെ ഉടമസ്ഥതയിലുള്ള കാർ ക്രൈംബ്രാഞ്ച് കണ്ടത്തി. പിന്നീട് സ്കൂട്ടർ ഓടിച്ചു പോയത് മറ്റൊരാളാണെന്നും ക്രൈബ്രാഞ്ച് കണ്ടെത്തി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങൾ എല്ലാം മാറ്റിയ ശേഷമാണ് എത്തിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

കിട്ടിയോ കിട്ടിയോ ചോദ്യങ്ങൾക്കൊടുവിൽ, എകെജി സെന്‍റര്‍ ആക്രമണം രണ്ടര മാസത്തിന് ശ്രഷമാണ് പ്രതിയെ പിടികൂടുന്നത്. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. ജിതിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നത്.

ജിതിൻ ധരിച്ച ടീ ഷർട്ടും ഷൂസുമാണ് കേസന്വേഷത്തില്‍ നിർണ്ണായക തെളിവായതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഒരു പ്രത്യേക ബ്രാൻഡിലുള്ള ടീ ഷർട്ടും ഷൂസുമാണ് ജിതിൻ ധരിച്ചിരുന്നത്. ജിതിൻ്റെ പക്കലുണ്ടായിരുന്ന ടീ ഷർട്ടും സിസിടിവിയിലെ ടീ ഷർട്ടും സമാനമാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ചോദ്യം ചെയ്യാൻ വിളിച്ചപ്പോോൾ ജിതിൻ ഫോർമാറ്റ് ചെയ്ത് ഫോണുമായാണെത്തിയത്. ഇത് പരിശോധനക്ക് അയച്ചപ്പോൾ അക്രമത്തെ കുറിച്ച് നിർണ്മായക തെളിവുകൾ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. സംഭവ ദിവസം ഗൗരീശപട്ടത്തെ ലൊക്കേഷനിൽ ജിതിൻ്റെ ഫോണുണ്ടായിരുന്നു. 

അന്ന് സംഭവിച്ചത്...

കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വൻ വിവാദമായി കത്തിപ്പടർന്നു. സെന്‍ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണത്തോടെ സംഭവം കൂടുതൽ ചർച്ചയായി. ആക്രമണം നടന്ന് മിനുട്ടുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതിയാരെന്ന് സ്വയം വിധിയെഴുതി. സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പൊലീസ് അതിവേഗം നടപടി തുടങ്ങി. രാത്രി തന്നെ ഫോറൻസിക് സംഘമെത്തി പരിശോധന തുടങ്ങി. 

നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏകപിടിവള്ളി. സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം ഒരുമാസം പിന്നിടുമ്പോഴും ഒന്നും കണ്ടെത്താനായില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ ചോദ്യം ചെയ്തു.  പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു.

ഒടുവിൽ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് തലയൂരി പൊലീസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴ് പൊലീസുകാരിൽ അഞ്ച് പേർ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സൻമരയ്ക്കാർ ഹാളിൽ വിശ്രമത്തിലായിരുന്നു. മൂന്നാം നിലവരെ പ്രകമ്പനം കൊണ്ടുവന്ന് പറയുന്ന സ്ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാർ പോലും അറിഞ്ഞില്ലെന്നാണ് മൊഴി. 

ഇതിനിടെ അന്വേഷണം ബോധപൂർവ്വം മുക്കിയെന്ന ആക്ഷേപവും സർക്കാരിനെയും പൊലീസിനെയും കൂടുതൽ വെട്ടിലാക്കി. സംഭവ ദിവസം എകെജി സെന്‍ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ തുടക്കം മുതൽ പൊലീസ് സംശയിച്ചു. പക്ഷെ തട്ടുകടക്കാരന്‍റെ പ്രാദേശിക സിപിഎം ബന്ധം ഫോൺ രേഖകളിലൂടെ പുറത്തായതോടെ ഈ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആരോപണം. നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് പിന്നീടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

Follow Us:
Download App:
  • android
  • ios