തിരുവനന്തപുരം: എസ്എഫ്ഐക്ക് വേണ്ടി വോട്ട് തേടി യൂണിവേഴ്‍സിറ്റി കോളേജിൽ കുത്തേറ്റ അഖില്‍ ചന്ദ്രന്‍. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് എസ്എഫ്ഐക്ക് വേണ്ടി അഖില്‍ ഫേസ്ബുക്കിലൂടെ വോട്ട് അഭ്യര്‍ത്ഥിച്ചത്. തനിക്കെതിരെയുണ്ടായ ആക്രമണം വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തിനിടയിലാണെന്നും ഒരിക്കലും അത് എസ്എഫ്ഐ എന്ന സംഘടന കൊണ്ടല്ലെന്നും അഖില്‍ പറയുന്നു. അന്നും ഇന്നും എന്നും എസ്എഫ്ഐ തന്നെയായിരിക്കും ഇടനെഞ്ചിലെന്നും അഖില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

അഖിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ,

വിദ്യാഭ്യാസ മേഖലയിൽ കച്ചവടവത്ക്കരണത്തിനും കാവി വത്ക്കരണത്തിനുമായുള്ള സംഘടിത നീക്കങ്ങൾ നടക്കുന്നവർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് വീണ്ടും ഒരു കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത് നമ്മുടെ രാജ്യത്തിന്റെ നാനാത്വം തകർക്കുന്ന പൊതു വിദ്യാഭ്യാസത്തെ വാണിജ്യവത്ക്കരിക്കുന്ന നീക്കങ്ങൾക്കെതിരെ രക്തനക്ഷത്രാങ്കിത ശുഭ്രപതാകയേന്തി വിദ്യാർത്ഥി സമൂഹം നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തി പകരുവാനാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ചരിത്ര നിയോഗം മനസ്സിലാക്കി പ്രവർത്തിക്കുന്നതിനുള്ള പ്രബുദ്ധത നമ്മൾ കാണിക്കേണ്ടതുണ്ട്.

കലാലയങ്ങളിലെ കെ എസ് യു അക്രമങ്ങളിൽ എത്രയെത്ര സഖാക്കളുടെ ജീവനാണ് പൊലിഞ്ഞത്? ജി ഭുവനേശ്വരൻ, സെയ്ദാലി, സി വി ജോസ് ജീവ ഛവമായിരുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ..... കാവിപ്പടയുടെ നിഷ്ഠുരമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതും എസ് എഫ് ഐയുടെ ഒട്ടേറെ സഖാക്കൾ - കെ വി സുധീഷ്, അജയ്, സജിൻ ഷാഹുൽ .... ക്യാമ്പസ് ഫ്രണ്ട് കാർ അരുംകൊല ചെയ്ത ധീര സഖാവ് അഭിമന്യു, ക്യാമ്പസുകളിൽ അരാഷ്ട്രീയവാദം വളർത്തുവാൻ ശ്രമിക്കുന്ന അരാജകവാദികളെയും, കോർപ്പറേറ്റ് - മാധ്യമപ്പട യേയും തിരിച്ചറിയുക....

കനൽ ഊതിക്കെടുത്തുവാൻ ശ്രമിച്ചാൽ അത് ആളിക്കത്തും.... രാജ്യത്തിന്റെ ബഹുസ്വരതയും, മതനിരപേക്ഷതയും കാത്തു സൂക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ നമുക്ക് ഒറ്റക്കെട്ടായി കൈകോർക്കാം..... പോരാട്ടങ്ങൾ അവസാനിക്കുന്നില്ല...... എസ്.എഫ്.ഐ.യെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥി സമൂഹം പടയണിചേരുക.

സഖാക്കളെ ലാൽസലാം....

അഭിവാദനങ്ങളോടെ അഖിൽ. സി യൂണിവേഴ്സിറ്റി കോളേജ്