തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായ അഖിലിന്‍റെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ മുഴുവന്‍ പ്രതികളും കേരള സര്‍വ്വകലാശാല യണിയന്‍ ഓഫീസായ സ്റ്റുഡന്‍റ് സെന്‍ററിലുണ്ടെന്ന് വെളിപ്പെടുത്തല്‍. കുത്തേറ്റ അഖിലിന്‍റെ സുഹൃത്തും സഹപാഠിയുമായ ജിതിനാണ് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഇക്കാര്യം പറഞ്ഞത്. 

വൈകിട്ട് അഞ്ച് മണിയോടെ കേരള സര്‍വകലാശാലയിലെ സ്റ്റുഡന്‍സ് സെന്‍ററില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കാനായി പോയപ്പോള്‍ ആണ് നസീമടക്കമുള്ള പ്രതികളെ അവിടെ കണ്ടെത്തെന്ന് ജിതിന്‍ വെളിപ്പെടുത്തുന്നു. പൊലീസിന് വേണമെങ്കില്‍ ഇപ്പോഴും പ്രതികളെ പിടിക്കാമെന്നും അവരുടെ കൈയ്യെത്തും ദൂരത്ത് പ്രതികളുണ്ടെന്നും എന്നാല്‍ അതു നടക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ഇന്ന് രാത്രി തന്നെ അവരെല്ലാം ഒളിവില്‍ പോകുമെന്നും എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൂടിയായ ജിതിന്‍ പറഞ്ഞു. 

എന്‍റെ കൂട്ടുകാരനാണ് ഇപ്പോള്‍ ജീവന്‍ തുലാസില്‍ വച്ച് ആശുപത്രിയില്‍ കിടക്കുന്നത്. അവന് വേണ്ടിയാണ് ഞാനിവിടെ വന്ന് ഇതൊക്കെ പറയുന്നത്. ഇതെല്ലാം പറഞ്ഞതിന്‍റെ പേരില്‍ നാളെ എന്‍റെ ജീവനും ഒരു പക്ഷേ അപകടത്തിലാവും. എങ്കിലും എനിക്ക് ഇതു പറയാതെ പറ്റില്ല. അക്രമണങ്ങളിലൂടെ മാത്രമേ പാര്‍ട്ടി വളര്‍ത്താവൂ എന്ന ഇപ്പോഴത്തെ യൂണിയന്‍ ഭാരവാഹികളുടെ നിലപാടിനെതിരായണ് ഞങ്ങള്‍ ഇപ്പോള്‍ പോരാടുന്നത് ജിതിന്‍ പറഞ്ഞു. 

യൂണിറ്റ് ഭാരവാഹികളുടെ ഗുണ്ടായിസമാണ് കോളേജില്‍ നടക്കുന്നതെന്ന് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പേര് വെളിപ്പെടുത്താന്‍ തയ്യാറാവാതിരുന്ന ഒരു പെണ്‍കുട്ടി പറഞ്ഞു. യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നും കുത്തേറ്റ അഖില്‍ വീണതിന് പെണ്‍കുട്ടികളടക്കം നൂറുകണക്കിന് പേര്‍ സാക്ഷികളാണെന്നും അവര്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. 

ജിതിന്‍ ന്യൂസ് അവറില്‍ പറഞ്ഞത്.... 

അഖില്‍ ഇന്നലെ കാന്‍റീനില്‍ ഇരുന്ന് സുഹൃത്തുകള്‍ക്കൊപ്പം പാട്ടു പാടിയത് ഒരു യൂണിയന്‍ മെമ്പര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അയാള്‍ ഇടപെട്ട് പാട്ട് നിര്‍ത്തിച്ചു. അതിന്‍റെ ബാക്കിയാണ് ഇന്നുണ്ടായത്. അഖിലും അറബിക്ക് ഡിപാര്‍ട്ട്മെന്‍റിലെ ഉമൈറും മറ്റു സുഹൃത്തുകളും കൂടെ മരച്ചുവട്ടിലിരുന്ന് ഇന്ന് രാവിലെ പാട്ടു പാടിയിരുന്നു. 

പുതുതായി യൂണിയന്‍ ഭാരവാഹിയായ ഒരാള്‍ക്ക് ഇതിഷ്ടപ്പെട്ടില്ല. അയാള്‍ വന്ന് പാട്ട് നിര്‍ത്താന്‍ പറഞ്ഞു. തേര്‍ഡ് ഇയര്‍ ആയില്ലേ ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടൂടെ എന്ന് അഖില്‍ അയാളോട് ചോദിച്ചു. ഇതോടെ നിന്നെ കാണിച്ചു തരാം എന്നു പറഞ്ഞ് അയാള്‍ പോയി കുറച്ചു യൂണിയന്‍ ഭാരവാഹികളെ കൂട്ടിക്കൊണ്ടു വന്നു. 

ഇവരെല്ലാം കൂടി ഞങ്ങളെ വളഞ്ഞു. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് അവര്‍ ഞങ്ങളെ അസഭ്യം പറഞ്ഞു. ഉമൈറിനെ ആദ്യം പിടിച്ചു തല്ലി. ഞങ്ങള്‍ അത് തടഞ്ഞതോടെ ബാക്കി യൂണിയന്‍ ഭാരവാഹികള്‍ ആയുധങ്ങളുമായി എത്തി. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ പാസായി നില്‍ക്കുന്നവരാണ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്തും നസീമും. ഇവരുടെ നേതൃത്വത്തിലായിരുന്നു ബാക്കി ആക്രമണം. 

ശിവരഞ്ജിത്തിന്‍റേയും നിസാമിന്‍റേയും കൈയില്‍ കത്തികളുണ്ടായിരുന്നു. പേനയുടെ രൂപത്തിലുള്ള മൂര്‍ച്ചയേറിയ കത്തികളായിരുന്നു ഇരുവരുടേയും കൈയിലുണ്ടായിരുന്നത്. ഇനി സംസാരിക്കാനൊന്നുമില്ല അടിച്ചു തീര്‍ക്കാം എന്ന് പറഞ്ഞ് അവര്‍ മര്‍ദ്ദനം തുടങ്ങി. ഉമൈറിനെ ഇടിച്ച ഇവര്‍ മാത്‍സ് ഡിപാര്‍ട്ടമെന്‍റിലെ അനന്തുവിന്‍റെ കണ്ണ് മരപലക കൊണ്ട് അടിച്ചു പൊട്ടിച്ചു. ഇതു കണ്ട് ഇവരെ തടയാന്‍ വന്ന അഖിലിനെ പിടിച്ചു വച്ച ശേഷം നെഞ്ചത്തും മുതുകിലും കുത്തി. കുത്തേറ്റ അഖില്‍ കുറച്ചു ദൂരം നടന്ന പിന്നെ പറ്റുന്നില്ലെടാ... എന്നു പറഞ്ഞ് നിലത്തു വീണു. അതോടെ ഞങ്ങളെല്ലാം കൂടി അവനെ പൊക്കിയെടുത്ത് പുറത്തേക്ക് പോയി. 

ഇന്ന് വൈകിട്ട് നില മോശമായതോടെ അഖിലിനെ മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി. അതിനും ഒരുമണിക്കൂര്‍ മുന്‍പ് ഒരു അഞ്ച് മണിയോടെ ഞങ്ങള്‍ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് സെന്‍ററില്‍ പോയി എസ്എഫ്ഐ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. രാവിലെ മര്‍ദ്ദനമേറ്റ ഉമൈറടക്കമുള്ളവര്‍ എനിക്കൊപ്പമുണ്ടായിരുന്നു. സ്റ്റുഡന്‍റ് സെന്‍ററില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ രാവിലത്തെ സംഘര്‍ഷത്തിലുണ്ടായിരുന്ന നിസാമടക്കം എല്ലാ പ്രതികളും അവിടെയുണ്ടായിരുന്നു. ഞാന്‍ മാത്രമല്ല എന്‍റെ കൂടെയുണ്ടായിരുന്ന എല്ലാവരും അവരെ അവിടെ കണ്ടതാണ്. 

പൊലീസിന് വേണമെങ്കില്‍ ഇന്ന് രാത്രി അവരെ പിടിക്കാം. അവര്‍ക്ക് കൈയ്യെത്താവുന്ന ദൂരത്തിലാണ് പ്രതികളുള്ളത്.  പക്ഷേ പൊലീസ് അവരെ അറസ്റ്റ് ചെയ്യില്ല. അവര്‍ കീഴടങ്ങുക എന്നല്ലാതെ പൊലീസിന് ഒന്നും ചെയ്യാനില്ല. ഇന്ന് രാത്രിയോടെ ഇവരെല്ലാം ഒളിവില്‍ പോകും. പൊലീസിന് മുന്നിലൂടെയാണ് രാവിലെ ഇവരെല്ലാം ഓടി രക്ഷപ്പെട്ടത്. പൊലീസിന് അവരെ പിടിക്കാമായിരുന്നു പക്ഷേ അതു ചെയ്തില്ല

ഇതൊരു കൈയ്യബദ്ധമൊന്നുമല്ല. വലിച്ചൂരിയ കത്തിയുമായി അവര്‍ പറഞ്ഞത് മാറി നില്‍ക്ക് അല്ലെങ്കില്‍ നിങ്ങളെയും കുത്തുമെന്ന്. ഡിവൈഎഫ്ഐ ചെങ്ങോട്ടുകോണം യൂണിറ്റിലും കോളേജിലെ എസ്എഫ്ഐ യൂണിറ്റിലും പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. എന്‍റെ പ്രസ്ഥാനത്തെ തള്ളി പറയാന്‍ ഞാനില്ല. പക്ഷേ ഈ ഗുണ്ടായിസം ഇവിടെ നിര്‍ത്തണം.  ഇതെന്‍റെ അഖിലിന്‍റെ ജീവന്‍റെ കാര്യമാണ്. അവന് കിട്ടിയ കുത്ത് എനിക്കോ മറ്റാര്‍ക്കോ കിട്ടാമായിരുന്നു അതുകൊണ്ടാണ് ഇതെല്ലാം പറയുന്നത്. 

യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനി പെണ്‍കുട്ടി ന്യൂസ് അവറില്‍ പറഞ്ഞത്

യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റിന് എതിരെയാണ് ഇന്ന് നടന്ന പ്രതിഷേധം. ക്യാന്‍റീനിലിരുന്ന് പാട്ടുപാടി എന്നു പറഞ്ഞാണ് രണ്ട് ദിവസം മുന്‍പ് അഖിലിനെ യൂണിയന്‍ റൂമില്‍ വിളിച്ചു വരുത്തി അസഭ്യം പറഞ്ഞത്. ഇന്ന് ക്യാംപസിലിരുന്ന് പാട്ടുപാടി എന്നു പറഞ്ഞാണ് ഇന്ന് അഖിലിനെ അക്രമിച്ചത്.  ഇഷ്ടിക കട്ട വച്ചാണ് ഒരാള്‍ അഖിലിന്‍റെ തലയ്ക്ക് അടിച്ചത്. മറ്റൊരാളുടെ കൈയില്‍ മൂന്നോ നാലോ കത്തികളുണ്ടായിരുന്നു. നസീമാണ് ഈ സംഘത്തിന്‍റെ നേതാവ്. ഇന്ന് അഖിലിനെ കുത്തിയത് ശിവരഞ്ജിത്താണ്. കുത്തേറ്റ അഖില്‍ ഏതാനും ചുവടുകള്‍ നടന്ന ശേഷം നിലത്തു വീണത് ഞങ്ങളുടെ മുന്നില്‍ വച്ചാണ്. അഖിലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഞങ്ങള്‍ അവനെ ഐസിയുവിലേക്ക് മാറ്റും വരെ കൂടെയുണ്ടായിരുന്നു.