കണ്ണൂർ: മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരില്‍ രണ്ട് ചെറുപ്പക്കാരെ കേരള പൊലീസ് കയ്യാമം വച്ചപ്പോള്‍ ഏവരും ആദ്യമൊന്നു പകച്ചു. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ യുവാക്കളെ രാജ്യദ്രോഹകുറ്റം ചുമത്തിയുള്ള യു എ പി എ അറസ്റ്റ് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായി തുടരുകയാണ്. യു എ പി എ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള സിപിഎം ഭരിക്കുന്ന സംസ്ഥാനത്തിലെ അറസ്റ്റ് ഏവരെയും ഞെട്ടിച്ചു. കേരള പൊലീസിനെതിരെ സിപിഎം നേതാക്കള്‍ തന്നെ ആദ്യം വിമര്‍ശനവുമായി കൂടോടെ എത്തി.

കോഴിക്കോട്ടെ നേതാക്കളാകട്ടെ ഇവരുടെ വീടുകളിലെത്തി പിന്തുണ പ്രഖ്യാപിക്കാന്‍ പോലും മടികാട്ടിയില്ല. പാര്‍ട്ടി അംഗ്വത്വമുണ്ടായിട്ടും മാവോയിസ്റ്റെന്ന് മുദ്രകുത്തിയുള്ള അറസ്റ്റിനെതിരെ സിപിഎം അണികള്‍ക്കിടയിലും രോഷം പുക‌ഞ്ഞു. പ്രതിപക്ഷവും കേരള പൊലീസിനും സര്‍ക്കാരിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി നിലയുറപ്പിച്ചു. വിമര്‍ശനങ്ങള്‍ പുകഞ്ഞുകത്തിയപ്പോള്‍ ഒരാള്‍ക്ക് മാത്രം പൊലീസ് നടപടിയെ ശരിവച്ചു. 'എല്ലാം ശരിയാകു'മെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതുസര്‍ക്കാരിന്‍റെ മുഖ്യമന്ത്രി തന്നെയായിരുന്നു അത്.

അലനും താഹയും മാവോയിസ്റ്റാണെന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായിക്ക് മാത്രം സംശയമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് മുന്നില്‍ സിപിഎം നേതാക്കളും ഇവരുടെ 'മാവോയിസ്റ്റ് ബന്ധം' ഉറപ്പിച്ചു. ആദ്യം മുതലേ യുഎപിഎയ്ക്കെതിരെ നിലപാട് സ്വീകരിച്ച സിപിഎം നേതൃത്വം പതുക്കെ നിലപാട് മയപ്പെടുത്തി. യുഎപിഎ യെക്കുറിച്ച് മിണ്ടാതെ അലനെയും താഹയെയും സര്‍ക്കാരിനെ പോലെ പാര്‍ട്ടിയും തള്ളി പറയാന്‍ തുടങ്ങിയതോടെ അവരുടെ വീട്ടുകാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. പ്രതിപക്ഷവും ജനകീയ സമരമുന്നണിക്കാരും തെരുവില്‍ പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കേരളത്തിന്‍റെ കൈവിട്ട് പോകുന്ന നിലയിലായി. അലനും താഹയും സിപിഎമ്മുകാരാണെന്ന് ഉറക്കെ പറഞ്ഞിരുന്ന പാര്‍ട്ടിയും അതിനിടെ ഇവരെ കൈവിട്ടു. രണ്ടുപേരും മാവോയിസ്റ്റുകളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി തന്നെ ഇവരെ പുറത്താക്കിയതായി ഉത്തരവുമിട്ടു.

എല്ലായിടത്തുനിന്നും തിരിച്ചടികള്‍ ഏറ്റുവാങ്ങുന്നതിനിടയിലാണ് കോടതിയില്‍ നിന്ന് അലന് അനുകൂലമായി ആദ്യ ഇടപെടലുണ്ടായത്. എല്‍ എല്‍ ബി പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന അലന്‍റെ അപേക്ഷ കോടതി അംഗീകരിച്ചു. കനത്ത സുരക്ഷയില്‍ അലന്‍ അങ്ങനെ പരീക്ഷാ ഹാളിലെത്തി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അലന്‍റെ മുഖത്ത് യു എ പി എ-രാജ്യദ്രോഹകുറ്റത്തിന്‍റെ ആശങ്കകളോ ഭീതിയോ ആയിരുന്നില്ല പ്രകടമായത്. നിറഞ്ഞ പുഞ്ചിരിയോടെയാണ് അലന്‍ പരീക്ഷ റൂം വിട്ട് പുറത്തുവന്നത്. നന്നായി പരീക്ഷ എഴുതാനായെന്നും അലന്‍ മാധ്യമങ്ങളോട് പറഞ്ഞു. അലന്‍റെ അമ്മ സബിത ശേഖറും അതേ സന്തോഷം തന്നെയാണ് പങ്കുവച്ചത്.

 

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ് കണ്ണൂർ സർവ്വകലാശാലയിൽ രണ്ടാം സെമസ്റ്റർ നിയമ ബിരുദ പരീക്ഷയാണ് എഴുതിയത്. പാലയാട് ലീഗൽ സ്റ്റഡീസ് ക്യാമ്പസിൽ നിയമബിരുദ വിദ്യാർത്ഥിയായ അലന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് പരീക്ഷയെഴുതാൻ അവസരം ലഭിച്ചത്. മതിയായ ഹാജരടക്കം പരിഗണിച്ച് പരീക്ഷയെഴുതാനുള്ള ആവശ്യത്തെ സർവ്വകലാശാലയും എതിർത്തിരുന്നില്ല.

സിപിഎം പ്രവർത്തകരായിരുന്ന അലനെയും താഹയെയും നാല് മാസം മുമ്പ് കോഴിക്കോട്ട് നിന്നാണ് കേരള പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തുന്നത്. മാവോയിസ്റ്റ് അനുകൂല പ്രവർത്തനങ്ങൾ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാൻ എന്നയാളുമായി ഇരുവരും സംസാരിച്ച് നിൽക്കുന്നത് കണ്ടെന്നും, പൊലീസിനെ കണ്ടപ്പോൾ മൂന്നാമനായ ഉസ്മാൻ ഓടി രക്ഷപ്പെട്ടെന്നുമായിരുന്നു പൊലീസ് ഭാഷ്യം. ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗിൽ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകൾ കണ്ടെടുത്തു എന്നും എഫ്ഐആറിൽ പറയുന്നു.