കണ്ണൂർ: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ് കണ്ണൂർ സർവ്വകലാശാലയിൽ രണ്ടാം സെമസ്റ്റർ നിയമ ബിരുദ പരീക്ഷയെഴുതി. പാലയാട് ലീഗൽ സ്റ്റഡീസ് ക്യാമ്പസിൽ നിയമബിരുദ വിദ്യാർത്ഥിയായ അലന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് പരീക്ഷയെഴുതാൻ അവസരം ലഭിച്ചത്. മതിയായ ഹാജരടക്കം പരിഗണിച്ച് പരീക്ഷയെഴുതാനുള്ള ആവശ്യത്തെ സർവ്വകലാശാലയും എതിർത്തില്ല. 

പരീക്ഷയെഴുതിയ ശേഷം അലനെ പുറത്തേക്ക് കൊണ്ട് വരുന്നു: 

അതേ സമയം മതിയായ ഹാജരില്ലാത്തതിനാൽ മൂന്നാം സെമസ്റ്ററിൽ നിന്ന് അലനെ പുറത്താക്കിയിരുന്നു. മകന് പരീക്ഷയെഴുതാൻ സാധിച്ചതിൽ സന്തോഷമെന്ന് അലന്‍റെ അമ്മ സബിത മഠത്തിൽ പ്രതികരിച്ചു. 

സിപിഎം പ്രവർത്തകരായിരുന്ന അലനെയും താഹയെയും നാല് മാസം മുമ്പാണ് കോഴിക്കോട്ട് നിന്നാണ് കേരള പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തുന്നത്. മാവോയിസ്റ്റ് അനുകൂല പ്രവർത്തനങ്ങൾ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാൻ എന്നയാളുമായി ഇരുവരും സംസാരിച്ച് നിൽക്കുന്നത് കണ്ടെന്നും, പൊലീസിനെ കണ്ടപ്പോൾ മൂന്നാമനായ ഉസ്മാൻ ഓടി രക്ഷപ്പെട്ടെന്നുമായിരുന്നു പൊലീസ് ആരോപിച്ചണം. ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗിൽ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകൾ കണ്ടെടുത്തു എന്നുമാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. 

അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ ഇരുവരെയും  പുറത്താക്കിയതായും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.