കൊച്ചി: തനിക്ക് മേൽ മാപ്പുസാക്ഷിയാകാൻ സമ്മർദ്ദമുണ്ടെന്ന് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബ്. കോടതിയിലാണ് അലൻ ഇത്തരത്തിൽ മൊഴി നൽകിയത്. പല കോണുകളിൽ നിന്നും ഇത്തരത്തിൽ ആവശ്യം വന്നു. എന്നാൽ കൂട്ടുപ്രതികൾക്ക് നേരെ ഇത്തരത്തിൽ മൊഴി നൽകാൻ താൻ തയ്യാറല്ലെന്നും അലൻ കോടതിയിൽ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കിയപ്പോൾ അറിയിച്ചു. എന്നാൽ അലന് നേരെ സമ്മർദ്ദമില്ലെന്നും താത്പര്യം ഉണ്ടെങ്കിൽ മാത്രം മാപ്പ് സാക്ഷിയാകാമെന്നുമാണ് എൻഐഎയുടെ നിലപാട്. 

അലനെയും താഹയെയും കഴിഞ്ഞ കുറച്ചുകാലമായി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് വിസ്തരിച്ചിരുന്നത്. ബുധനാഴ്ച ഇവരെ ഹാജരാക്കിയപ്പോൾ ഇരുവരും ആദ്യം ആവശ്യപ്പെട്ടത് ജയിൽ മാറ്റണമെന്നാണ്. വിയ്യൂർ സെൻട്രൽ ജയിലിലേക്ക് ഇവരെ മാറ്റാൻ ഇതനുസരിച്ച് കോടതി ഉത്തരവിടുകയും ചെയ്തു. 

മാനസികമായി തനിക്ക് വലിയ സമ്മർദ്ദമാണുള്ളതെന്ന് അലൻ കോടതിയിൽ പറഞ്ഞു. ശാരീരികമായി തനിക്ക് അവശതകളൊന്നുമില്ല. എന്നാൽ മാനസികപിരിമുറുക്കം വല്ലാതെ അലട്ടുന്നുണ്ട്. തന്‍റെ സുഹൃത്തുക്കളെ ഒരു കാരണവശാലും താൻ തള്ളിപ്പറയില്ല. 

അതേസമയം, രണ്ട് പ്രതികളെയും വെവ്വേറെ സെല്ലുകളിലാക്കണമെന്ന ആവശ്യത്തെ എൻഐഎ അഭിഭാഷകൻ ശക്തമായി എതിർത്തു. ഇത് നിയമത്തിന് എതിരാണെന്നായിരുന്നു എൻഐഎ അഭിഭാഷകന്‍റെ നിലപാട്.

ജയിലധികൃതരുടെ ക്രൂരമായ പെരുമാറ്റം കാരണം കടുത്ത മാനസികസമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും അലനും താഹയും കോടതിയിൽ പറഞ്ഞു. വിഷാദരോഗത്തോളമെത്തുന്ന മാനസികപിരിമുറുക്കമുണ്ടെന്ന് അലനും കോടതിയിൽ പറഞ്ഞു. ഇതിനാലാണ് കുറച്ചു കൂടുതൽ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്ന് അലനും താഹയും കോടതിയെ അറിയിച്ചു.