ആലപ്പുഴ: കൊവിഡ് ബാധിച്ച് ആലപ്പുഴയിൽ ഇന്നലെ മരിച്ച ജോസ് ജോയിയുടെ സംസ്കാരം നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള  അനുയോജ്യമായ സ്ഥലം കണ്ടെത്താൻ വൈകിയതിനെത്തുടർന്ന് സംസ്കാരം വൈകുന്നത് ചർച്ചയായിരുന്നു. 

പ്രോട്ടോക്കോൾ അനുസരിച്ച് 12 അടി താഴ്ചയിലാണ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കേണ്ടത്. പുത്തൻ തെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ  സംസ്കാരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഇവിടെ അഞ്ചടിയിൽ കൂടുതൽ കുഴിക്കാനാവാത്ത അവസ്ഥയായിരുന്നു. വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും ഉണ്ടാകുമെന്നതും പ്രതിസന്ധിയായി. തുടർന്ന്, സംസ്‌കാരം നടത്താൻ ഉചിതമായ സ്ഥലം പഞ്ചായത്ത് പരിധിയിൽ ഇല്ലെന്ന് പാണ്ടനാട്  പഞ്ചായത്ത് സെക്രട്ടറി ചെങ്ങന്നൂർ ആർഡിഒയ്ക്ക്‌ റിപ്പോർട്ട് നൽകി.  

സംസ്കാരം സംബന്ധിച്ച അന്തിമ തീരുമാനം ജില്ലാ ഭരണകൂടം എടുക്കണമെന്ന് ചെങ്ങന്നൂർ ആർഡിഒ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ആലപ്പുഴ നഗരസഭയ്ക്ക് കീഴിലെ പൊതുശ്മശാനത്തിൽ സംസ്കാരം നടത്താൻ ധാരണയായത്. മെയ് 29ന് അബുദാബിയിൽ നിന്നെത്തി ആലപ്പുഴ ജില്ലയിൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു പാണ്ടനാട് തെക്കേപ്ലാശ്ശേരിൽ ജോസ് ജോയ്. ഇന്നലെ ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഇയാൾക്ക് കരൾ രോഗം ഗുരുതരമായിരുന്നു. 

സംസ്ഥാനത്തെ ഒമ്പതാമത്തെ കൊവിഡ് മരണമാണ് ഇത്. മരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ആറ് മാസം മുമ്പാണ് ജോസ് ജോയ് ഗൾഫിലേക്ക് തിരികെ പോയത്.