ആലപ്പുഴ: കായംകുളത്തെ സിപിഎം പ്രാദേശിക നേതാവ് സിയാദിന്‍റെ കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ്   അഡ്വ. എം ലിജു.  സിയാദിന്‍റേത് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഉണ്ടായ കൊലപാതകമാണെന്നും  സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും  എം ലിജു പറഞ്ഞു.

കോൺഗ്രസിലെ ഒരാൾക്കും സിയാദിന്‍റെ കൊലപാതകവുമായി ബന്ധമില്ല. അറസ്റ്റ് ചെയ്യപ്പെട്ട കോൺഗ്രസ്‌ കൗൺസിലർ നിരപരാധിയാണ്. കായംകുളത്ത് ഗുണ്ടകളെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്, കോണ്‍ഗ്രസ് അല്ല. കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ വിഭാഗീയത ഉൾപ്പടെ വിശദമായി പരിശോധിക്കണം. സിയാദിന്‍റെ കൊലപാതകത്തെ സിപിഎം രാഷ്ട്രീയ മുതലെടുപ്പിന്  ഉപയോഗിക്കുന്നുവെന്നും ലിജു ആരോപിച്ചു.

സിയാദിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ത്യം നടത്തിയ ശേഷം മുഖ്യപ്രതി  മുജീബ് റഹ്മാൻ വീട്ടിലെത്തിയത് കൗൺസിലറായ നിസാമിന്‍റെ സ്കൂട്ടറിലാണ്. വഴിമധ്യേ കൊലപാതക വിവരം നിസാമിനോട്, മുജീബ് വെളിപ്പെടുത്തിയിരുന്നു. സംഭവം മറച്ചുവെച്ചതിനും പ്രതിയെ സഹായിച്ചതിനുമാണ്  അറസ്റ്റ്. കോൺഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് സിയാദിനെ വകവരുത്തിയതെന്നാണ് സിപിഎമ്മിന്‍റെ  ആരോപണം.