'ഒരാശയത്തിനൊപ്പം നിന്നതിനാണ് അവനെ കൊന്നത്. ഒരു ക്രിമിനൽ കേസോ, അല്ലാത്ത കേസോ അവന്‍റെ പേരിലില്ല. ഒരുപാട് സ്വപ്നം കണ്ടാണ് അവനെ വള‍ർത്തിയത്, പഠിപ്പിച്ചത്. രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണവന്'

ആലപ്പുഴ: എല്ലാവരോടും നല്ല രീതിയിൽ പെരുമാറിയ പൊതുപ്രവർത്തകനെയാണ് ഷാനിന്‍റെ കൊലപാതകത്തോടെ ആലപ്പുഴ പൊന്നാട് പ്രദേശത്തിന് നഷ്ടമായത്. ഒരു ആശയത്തിന്‍റെ ഒപ്പം നിന്നതിനാണ് മകനെ ചോര കൊതിക്കുന്ന കാപാലികർ കൊന്നതെന്ന് ഷാനിന്‍റെ പിതാവ് സലിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു അക്രമക്കേസിലും ഷാൻ പ്രതി അല്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലെ പൊന്നാട് വളരെ ചെറിയൊരു വീട്ടിലാണ് ഷാനും ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും കഴിഞ്ഞിരുന്നത്. കർട്ടൻ തുന്നുന്ന ഒരു ചെറിയ കടയാണ് ഷാനിന്. എൽഎൽബി ബിരുദധാരിയാണ് ഷാൻ. ഷാനിന്‍റെ പേരിൽ ഒരു ക്രിമിനൽ കേസോ അല്ലാത്ത കേസോ നിലവിലില്ലെന്ന് ഷാനിന്‍റെ ബന്ധുക്കൾ തന്നെ പറയുന്നു. അരുംകൊലയിൽ നാടും ബന്ധുക്കളും നാട്ടുകാരും ഞെട്ടിയിരിക്കെ, വീണ്ടും നടക്കുന്ന തുടർകൊലപാതകങ്ങൾ കൊണ്ട് ഇനിയും കുടുംബങ്ങളെ അനാഥമാക്കരുതെന്ന് മാത്രമാണ് ഷാനിന്‍റെ അച്ഛൻ സലീമിന് പറയാനുള്ളത്. 

''അവനങ്ങനെ ആരെയെങ്കിലും ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന സ്വഭാവക്കാരനല്ല'', കണ്ണ് നിറഞ്ഞ് തൊണ്ടയിടറി ആ അച്ഛൻ ഞങ്ങളോട് പറഞ്ഞു. ''ആരോടും ദയവോടെ പെരുമാറുന്നതാണ്. രാഷ്ട്രീയമായി അവൻ വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി വിശ്വസിച്ചു എന്നതൊഴിച്ചാൽ മറ്റാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചവനല്ല. ഒരു മനുഷ്യനെ ഉപദ്രവിക്കാൻ അവനാവില്ല. ആരെയെങ്കിലും സഹായിക്കുകയല്ലാതെ ഉപദ്രവിക്കാനവന് ആവില്ല. ഞാനവനെ കഷ്ടപ്പെട്ട് വളർത്തിയതാ. എനിക്ക് എന്‍റെ മകനെ നഷ്ടപ്പെട്ടു. ഇത് പോലെ ഇനിയും കൊലപാതകങ്ങളുണ്ടായാൽ ഇത് പോലെ ഇനിയും കുടുംബങ്ങളിൽ കുഞ്ഞുങ്ങള് വഴിയാധാരമാകുന്ന സ്ഥിതിയാണുണ്ടാകുക. രാഷ്ട്രീയം രാഷ്ട്രീയമായിത്തന്നെ കാണാനുള്ള ഒരു മനസ്ഥിതി ഈ പ്രബുദ്ധ കേരളത്തിനുണ്ടാകണം. എന്നെപ്പോലെ കഷ്ടപ്പെട്ട് അച്ഛൻമാർ കുട്ടികളെ വളർത്തിക്കൊണ്ടുവന്ന്, അവർ ഒരു ആശയത്തിൽ വിശ്വസിക്കുമ്പോൾ അതിന്‍റെ പേരിൽ അവരെ കൊലപ്പെടുത്തുക എന്നത് വലിയ വേദനാജനകമാണ്. ഇവിടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ് വഴിയാധാരമായത്. ഞാൻ വാർദ്ധക്യത്തിലെത്തി. എനിക്ക് എത്ര കാലം ഈ ചെറിയ മക്കളെ സഹായിക്കാനോ വളർത്തുവാനോ പറ്റും? ഈ ക്രൂരത കാണിക്കുവാൻ അവർക്കുണ്ടായ മനസ്സ് പോലും എന്തിനാണ് എന്ന് മനസ്സിലാവാതെ ഇരിക്കുകയാണ് ഞാനും എന്‍റെ കുടുംബവും. രക്തം കുടിക്കുന്ന കാപാലികർക്ക് ആരുടെയെങ്കിലും രക്തം കുടിച്ചാൽ മതി. മറ്റുള്ളവരുടെ വേദന അവർക്കറിയേണ്ട. അങ്ങനെയൊരു സമൂഹം ഇവിടെ വളർന്നുവരുന്നുണ്ട്. അതിന്‍റെ ഫലമായി എന്‍റെ മകനെ എനിക്ക് നഷ്ടപ്പെട്ടു'', സലിം പറഞ്ഞുനിർത്തുന്നു.

YouTube video player