ഏരൂർ: ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അലയമൺ പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു. ഇവിടുത്തെ ജീവനക്കാരും കൊവിഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരും ഉൾപ്പടെ 24 പേർ നിരീക്ഷണത്തിൽ പോയി. ഇക്കഴിഞ്ഞ അഞ്ചിന് ആരോഗ്യ കേന്ദ്രത്തിൽ എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടന്ന ആന്‍റിജന്‍ ടെസ്റ്റിൽ ഡോക്ടർക്ക് നെഗറ്റീവ് ആയിരുന്നു. പിസിആർ ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്നാണ് നടപടി. 

അതേസമയം സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾക്ക് പുതിയ മാനദണ്ഡം പുറത്തിറക്കി. ആന്‍റിജന്‍, പിസിആർ പരിശോധനകൾ നടത്തുന്നതിനടക്കം വിശദമായ നിർദ്ദേശമാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ഉള്ളവർക്ക് ആന്‍റിജന്‍ പരിശോധന നടത്താനാണ് തീരുമാനം. ലക്ഷണങ്ങൾ കണ്ട്‌ തുടങ്ങി അഞ്ചാമത്തെ ദിവസം ഇത് നടത്തും. കടുത്ത ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവർക്ക് പി സി ആർ പരിശോധനയാണ് നടത്തുക. ലക്ഷണം കണ്ട് തുടങ്ങിയാൽ ഉടൻ തന്നെ ടെസ്റ്റ് നടത്താനാണ് നിർദ്ദേശം.